കോട്ടയം: രണ്ടു ദിനരാത്രങ്ങളെ അവിസ്മരണീയമാക്കിയ അലത്താളം മൂന്നാം ദിനത്തിലേക്ക് കടക്കുന്പോൾ എറണാകുളം കോളജുകൾ മുന്നിൽ. സെന്റ് തെരേസാസും മഹാരാജാസും തമ്മിൽ ഒരു പോയിന്റ് വ്യത്യാസത്തിൽ മത്സരം തുടരുകയാണ്. സെന്റ് തേരേസാസിന് 21 പോയിന്റും മഹാരാജാസിന് 20 പോയിന്റും ലഭിച്ചു. കോതമംഗലം മാർ അത്തനാസിയോസ് 16 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. തേവര എസ്എച്ചിന് 15 പോയിന്റും ആർഎൽവിക്ക് 14 പോയിന്റും ലഭിച്ചു.
ആദ്യദിനം മണിക്കൂറുകൾ വൈകി ആരംഭിച്ച മത്സരങ്ങൾ അവസാനിച്ചത് വെള്ളിയാഴ്ച പുലർച്ചെയാണ്. ഇതോടെ, രണ്ടാം ദിനമായ ഇന്നലെ നിശ്ചയിച്ച മത്സരങ്ങൾ ആരംഭിക്കാൻ രണ്ടുമണിക്കൂറിലേറെ സമയംവേണ്ടിവന്നു. രാവിലെ ഒന്പതിനു തുടങ്ങേണ്ടിയിരുന്ന മത്സരങ്ങൾ തുടങ്ങിയപ്പോൾ 11 കഴിഞ്ഞു. രാത്രി ഏഴിന് ആരംഭിക്കേണ്ടിയിരുന്ന മത്സരങ്ങൾ രാത്രി വൈകിയാണ് തുടങ്ങിയത്.
ഈ മത്സരങ്ങൾ ഇന്നു പുലർച്ചെയാണ് അവസാനിച്ചത്. അലത്താളത്തിന്റെ രണ്ടാം ദിനത്തിൽ വേദികളിൽ കാണികളുടെ നിറഞ്ഞ സദസാണുണ്ടായിരുന്നത്. താളലയങ്ങളിൽ സദസ് ്അലിഞ്ഞു. രാത്രിയിൽ ഇമവെട്ടാതെ മത്സരം വീക്ഷിക്കാനെത്തിയ കാണികൾ കലയുടെ അലത്താളത്തെ രാത്രിയുടെ ആവേശത്താളമാക്കി മാറ്റി.
ഭരതനാട്യത്തിൽ രാംദാസാണ് മിടുക്കൻ
കോട്ടയം: ഭരതനാട്യ വേദിയിൽ നാട്യനടന വിസ്മയം സൃഷ്ടിച്ച് രാംദാസ്. ഇന്നലെ നടന്ന ആണ്കുട്ടികളുടെ ഭരതനാട്യത്തിലാണ് പാലാ സെന്റ് തോമസ് കോളജിലെ കെ.എസ്. രാംദാസ് ഒന്നാം സ്ഥാനം നേടിയത്. ഹനുമാന്റെ കഥ പറയുന്ന വർണമാണ് രാംദാസ് വേദിയിലെത്തിച്ചത്.
ഏഴു വർഷമായി തിരുവനന്തപുരം സ്വദേശി സനൽകുമാറിന്റെ കീഴിൽ നൃത്തം അഭ്യസിക്കുന്ന രാംദാസ് മൂന്നു വർഷമായി യൂണിവേഴ്സിറ്റി കലോത്സവത്തിൽ മത്സരിക്കുന്നു. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തിൽ തൃപ്തിപ്പെടേണ്ടി വന്ന രാംദാസിന് ഇത്തവണത്തെ വിജയം മധുരമേറിയതാണ്.
ഇരിങ്ങാലക്കൂട കുമാരമംഗലത്തുമനയിൽ സുബ്രഹ്മണ്യത്തിന്റെയും സുജയുടെയും മകനാണ്. മൂന്നു വർഷമായി പാലായിലാണ് താമസം. സഹോദരി ഗായത്രി ഇന്നു നടക്കുന്ന കുച്ചുപ്പുടി മത്സരത്തിലും പങ്കെടുക്കുന്നുണ്ട്.
അന്ധതയെ കവിതയിലൂടെ തോല്പിച്ച് നൗഫൽ
കോട്ടയം: അന്ധതയെ കവിതയിലൂടെ തോൽപ്പിച്ച നൗഫ ലിനെ സിഎംഎസ് കോളജിലെ മൃണാൾ സെൻ നഗറിലെ സദസ് നിറഞ്ഞ കയ്യടിയോടെ സ്വീകരിച്ചു. എംജി യൂണിവേഴ്സിറ്റി കലോത്സവം അലത്താളത്തിലെ മലയാള കവിതാപാരായണ മത്സരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മൂവാറ്റുപുഴ എച്ച്എം ബിഎഡ് കോളജിലെ എം.എ. നൗഫൽ. പത്താം വയസിൽ മെനിഞ്ചൈറ്റിസ്് ബാധിച്ചതിനെ തുടർന്നാണ് നൗഫലിനു കാഴ്ച നഷ്ടമായത്.
തുടർന്ന് പഠനം നഷ്ടമായ സമയത്ത് റിക്കാർഡ് ചെയ്ത പാട്ടുകൾ കേട്ടു പഠിച്ചാണ് നൗഫൽ ഗായകനായത്. കവിതകളോടായിരുന്നു കന്പം. കഴിഞ്ഞ വർഷം കാലിക്കട്ട് യൂണിവേഴ്സിറ്റി മത്സരത്തിൽ സോണ് വിഭാഗത്തിൽ നൗഫലിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. എംജി കലോത്സവത്തിൽ ആദ്യമായിട്ടാണു പങ്കെടുക്കുന്നത്.
അകലെയാണ് അകലെയാണ് എന്റെ ഗ്രാമം… അവിടെയാണ് അവിടെയാണ് എന്റെ പ്രാണൻ എന്നു തുടങ്ങുന്ന മുരുകൻ കാട്ടാക്കടയുടെ എന്റെ ഗ്രാമം എന്നു തുടങ്ങുന്ന കവിതയാണ് നൗഫൽ പാടിയത്. കാലടി ശ്രീമൂലനഗരം മുണ്ടേംപിള്ളി അക്ബറിന്റെയും റംലത്തിന്റെയും മകനാണ് നൗഫൽ. കോളജിലെ ആർട്സ് ക്ലബ് സെക്രട്ടറി ഷാഹുൽ ഹമീദിനൊപ്പമാണ് നൗഫൽ മത്സരത്തിൽ പങ്കെടുക്കാനെത്തിയത്. നാളെ നടക്കുന്ന മിമിക്രി മത്സരത്തിലും നൗഫൽ പങ്കെടുക്കുന്നുണ്ട്.