
തൊടുപുഴ: എംജി യൂണിവേഴ്സിറ്റി കലോത്സവം “ആർട്ടിക്കിൾ 14’ നാളെ മുതൽ അടുത്തമാസം രണ്ടു വരെ തൊടുപുഴ അൽ അസ്ഹർ കോളജിൽ നടക്കും. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായും ഇവർ പറഞ്ഞു.
നാളെ വൈകുന്നേരം നാലിന് മന്ത്രി ഡോ.കെ.ടി. ജലീൽ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. കലോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായി ട്രാൻസ്ജൻഡേഴ്സും വിവിധയിനങ്ങളിൽ മത്സരാർഥികളായി എത്തുന്നുണ്ട്.
എറണാകുളം മഹാരാജാസ് കോളജിൽനിന്നാണ് ഏറ്റവും കൂടുതൽ മത്സരാർഥികളുള്ളത്. ഇതുവരെ 102 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുട്ടിക്കാനം മരിയൻ കോളജാണ് മത്സരാർഥികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. ഭരണഘടനാശില്പി ഡോ.ബി.ആർ. അംബേദ്കറുടെ പേരിലാണ് മുഖ്യവേദി.