കോട്ടയം: എംജി യൂണിവേഴ്സിറ്റി കലോത്സവം നാലു പകലും രാവും പിന്നിടുമ്പോള് യുവതയുടെ ഉത്സവമായി മാറിയിരിക്കുകയാണ്.
കലയുടെ ലഹരിയിൽ നിറഞ്ഞാടുകയാണ് അക്ഷരനഗരിയും കാമ്പസുകളും യുവതയും. നിറങ്ങളുടെയും സൗഹൃദത്തിന്റെയും ആഘോഷത്തിന്റെയും ഉത്സവം കൂടിയാണ് യൂണിവേഴ്സിറ്റി കലോത്സവം.
നാലു ജില്ലകളില് നിന്നെത്തുന്ന വ്യത്യസ്തരായ യുവതി-യുവാക്കള്, അവരുടെ വേഷവിധാനങ്ങള്, വേദികള്. പലയിടങ്ങളില്നിന്നുമെത്തുന്ന യുവത്വം കലയുടെ മാത്രമല്ല സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ആശയ സംവാദത്തിന്റെയും സൗഹൃദത്തിന്റെയും നിറക്കൂട്ടുകളാണ് കലയുടെ കോട്ടയായി മാറിയ അക്ഷരനഗരിയുടെ ഹൃദയഭിത്തികളില് വരച്ചുചേര്ത്തു മടങ്ങുന്നത്.
കൊച്ചിയിലെ ന്യൂജെന് പിള്ളേര്, ഇടുക്കിയിലെയും പത്തനംതിട്ടയിലെയും മലയോരത്തു നിന്നെത്തിയവര്, തമിഴ് കലർന്ന മലയാളം പറയുന്ന മൂന്നാര് കോളജില്നിന്നുള്ളവര്, മുടിനീട്ടി വളര്ത്തിയവര്, തലമൊട്ടയടിച്ചവര്, പട്ടുപാവാട മുതല് ന്യൂ ജെന് വേഷവിധാങ്ങളിലെത്തുന്നവർ എല്ലാവരും അക്ഷരനഗരിയില് കലയില് ഒന്നാവുകയാണ്.
കലോത്സവത്തിലെ പ്രധാനവേദികളായ തിരുനക്കര മൈതാനത്തും സിഎംഎസ് കോളജിലും ബസേലിയസ്, ബിസിഎം കോളജുകളിലെ വേദികളിലും കലാവിരുന്നില് പങ്കെടുക്കാനും ആസ്വദിക്കാനുമായി ആയിരങ്ങളാണ് എത്തുന്നത്. രാത്രിയും കടന്ന് പുലര്ച്ചെയിലേക്ക് നീണ്ട മത്സരങ്ങളുമായി പാട്ടിലും നൃത്തത്തിലും മയങ്ങുകയാണ് അക്ഷരനഗരി. മത്സരച്ചൂടിനൊപ്പം പകല്ച്ചൂടും കൂടിയതോടെ കാണികളും മത്സരാര്ഥികളും കൈയില് കിട്ടുന്നതെല്ലാം തണലാക്കുകയാണ്.
ചൂടിന് ആശ്വാസമായി ശീതളപാനിയങ്ങളുടെ കടകളും രാത്രിയിൽ ചൂടു കടുംകാപ്പിക്കൊപ്പം കൊറിക്കാന് ബജിയും പരിപ്പുവടയും കടലയുമൊക്കെയായി വേറെ കടകളും ഓരോ വേദിയിലുമുണ്ട്. രാത്രിയിലും ഉറങ്ങാതെയുണരുന്ന യുവത വൈദ്യുതി ദീപാലങ്കാരങ്ങളുടെ മാസ്മരിക വെളിച്ചത്തില് നര്ത്തകിമാരുടെ ചുവടുകളുടെ താളത്തിലും ഗായകരുടെ പാട്ടിന്റെ ഈണത്തിലും താളം പിടിക്കുകയാണ്.
കലോത്സവം കാണുന്നതിനായി എത്തുന്ന വിദ്യാര്ഥികള്ക്ക് ആടാനും പാടനുമായി ഓപ്പണ് സ്റ്റേജാണ് സിഎംഎസ് കോളജില് ഒരുക്കിയിരിക്കുന്നത്.
ഏറ്റവും കൂടുതല് കുട്ടികള് എത്തുന്നത് സിഎംഎസ് കോളജ് കാമ്പസിലാണ്.207 വര്ഷം പിന്നിടുന്ന കലാലയ മുത്തശിയെ കാണുന്നതിനും അടുത്തറിയുന്നതിനുമായിട്ടാണ് കൂടുതല് പേരും എത്തുന്നത്. മത്സരാര്ഥികളും കാണികളും ഉള്പ്പെടെ ഒരു ദിവസം പതിനായിരത്തില്പ്പരം വിദ്യാര്ഥികളാണ് കാമ്പസില് എത്തുന്നതെന്ന് കോളജ് പ്രിന്സിപ്പല് ഡോ. വര്ഗീസ് സി. ജോഷ്വാ പറഞ്ഞു.
എന്.എന്. പിള്ള, അരവിന്ദന്, ജോണ് ഏബ്രഹാം, കാവാലം നാരായണപണിക്കര്, ചലച്ചിത്ര സംവിധായകൻ ജയരാജ് നടി അനുപമ തുടങ്ങിയ ഒട്ടേറെ കലാകാരന്മാരെയാണ് സിഎംഎസ് സംഭാവന ചെയ്തിരിക്കുന്നത്.
മുന് രാഷ്ട്രപതി കെ.ആര്. നാരായണന്, മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി, കെ. സുരേഷ്കുറുപ്പ് തുടങ്ങിയ ഒട്ടേറെ പ്രമുഖരുടെ കലാലയവുമാണ്. കാമ്പസ് സിനിമകളുടെ ഇഷ്ട ലൊക്കേഷനുമാണ് സിഎംഎസ്. ചാമരം, ക്ലാസ്മേറ്റ് തുടങ്ങിയ ഹിറ്റ് കാമ്പസ് സിനിമകള് സിഎംഎസിലാണ് ഷൂട്ട് ചെയ്തത്.