കൊച്ചി: എംജി സർവകലാശാല കലോത്സവത്തിൽ തേവര സേക്രഡ് ഹാർട്ട് കോളജിനു കന്നിക്കിരീടം. മറ്റു കലാലയങ്ങളെ ബഹുദൂരം പിന്നിലാക്കി 102 പോയിന്റുകളുമായാണു തേവരയുടെ വിജയക്കുതിപ്പ്.
ഏഴു വർഷം തുടർച്ചയായി കലാകിരീടം കൈയടക്കിവച്ച എറണാകുളം സെന്റ് തെരേസാസ് കോളജ് 53 പോയിന്റുകളുമായി രണ്ടാം സ്ഥാനംകൊണ്ടു തൃപ്തിപ്പെട്ടു. പഴയ വസന്തകാലത്തിന്റെ തിരിച്ചുവരവ് സ്വപ്നം കണ്ടു പോരിനിറങ്ങിയ മഹാരാജാസ് കോളജും തൃപ്പൂണിത്തുറ ആർഎൽവി കോളജും 39 പോയിന്റുകളുമായി മൂന്നാമതെത്തി.
ഗ്രൂപ്പിനങ്ങളിലും വ്യക്തിഗത ഇനങ്ങളിലും ഒരുപോലെ തിളങ്ങി പോയവർഷത്തേക്കാൾ 27 പോയിന്റുകൾ അധികം ചേർത്താണ് എസ്എച്ച് സ്വപ്നനേട്ടം സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ പോലും എതിരാളികൾക്കു പിടികൊടുക്കാതെയായിരുന്നു എസ്എച്ചിന്റെ പടയോട്ടം.
കഴിഞ്ഞ വർഷം കോഴഞ്ചേരിയിൽ നടന്ന കലോത്സവത്തിൽ 84 പോയിന്റുകൾ നേടി കിരീടമുയർത്തിയ സെന്റ് തെരേസാസിനു തുടക്കത്തിൽ ഇത്തവണ തൊട്ടതെല്ലാം പിഴച്ചു. അവസാന ദിവസങ്ങളിലെ തിരിച്ചുവരവാണ് നിലവിലെ ചാന്പ്യന്മാർക്കു രണ്ടാം സ്ഥാനമെങ്കിലും നേടിക്കൊടുത്തത്.
സ്ഥിരമായി മികച്ച പ്രകടനങ്ങൾ നടത്താറുള്ള സ്കിറ്റ്, നാടോടി സംഘ നൃത്തം എന്നിവയിൽ അയോഗ്യരാക്കപ്പെട്ടതാണ് മഹാരാജാസിന്റെ പ്രതാപത്തിന് ഇടിവുണ്ടാക്കിയത്. വിധി നിർണയത്തിൽ അപാകതയുണ്ടെന്ന് ആരോപിച്ചു മുഖത്ത് കരിതേച്ചാണു മൂന്നാം സ്ഥാനം നേടിയ മഹാരാജാസ് കോളജ് ട്രോഫി വാങ്ങാനെത്തിയത്. പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിഷേധിച്ചു.
പ്രധാന വേദിയായ രാജേന്ദ്ര മൈതാനിയിൽ നടന്ന സമാപന സമ്മേളനം പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. ഒരുകാലത്തു സർഗാത്മകത തുളുന്പിനിന്ന പട്ടണമായിരുന്നു എറണാകുളമെന്നും ആ ഓർമകൾ തങ്ങിനിൽക്കുന്ന തന്റെ മനസിനു എംജി സർവകലാശാലയിലെ കുട്ടികൾ ഒരുക്കിയ കലോത്സവം ഏറെ സന്തോഷം പകരുന്നെന്നും സാനു മാഷ് പറഞ്ഞു.
ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ അധ്യക്ഷനായി. മുഖ്യാതിഥിയായ എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ വിജയികൾക്കുള്ള സമ്മാന വിതരണം നിർവഹിച്ചു. എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ എം.എസ്. മുരളി, പി. തോമസ് മാത്യു, അജി സി. പണിക്കർ, എംജി സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി ശിൽപ തുടങ്ങിയവർ പങ്കെടുത്തു.