കോട്ടയം: രോഗത്തോട് ബൈ പറഞ്ഞ് ദേവിക കലോത്സവവേദിയില്‍ എത്തി. വിറ്റാമിന്‍ ഡിയുടെ അഭാവം ദേവികയെ തളര്‍ത്തിയെങ്കിലും കലയോടുള്ള മോഹം ദേവിക കൈവിട്ടില്ല. വേദനകള്‍ കടിച്ചമര്‍ത്തി ഒരോ വേദികളിലെത്തുമ്പോഴും വീണുപോകരുതെന്നു മാത്രമാണ് നോര്‍ത്ത് പറവൂര്‍ ശ്രീനാരായണ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് രണ്ടാം വര്‍ഷ ബിഎസ്സി മൈക്രോ ബയോളജി വിദ്യാര്ഥിനിദേവിക രാമചന്ദ്രന്റെ പ്രാര്‍ഥന.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നതിനിടെയാണു വിറ്റമിന്‍ ഡിയുടെ അഭാവവും നട്ടെല്ലിനു ചെറിയൊരു വളവും ഉണ്ടെന്ന് തിരിച്ചറിയുന്നത്. അടുത്ത വര്‍ഷം ജില്ലാ കലോത്സവത്തിനിടെ വേദിയില്‍ തളര്‍ന്നു വീണതോടെ കലാജീവിതം പ്രതിസന്ധിയായി.
തുടര്‍ന്ന് ഒരു വര്‍ഷത്തോളംനീണ്ട വിശ്രമം. എന്നാല്‍ ആഗ്രഹങ്ങള്‍ മാത്രം തളര്‍ന്നില്ല. കഴിഞ്ഞ വര്‍ഷം നടന്ന എംജി കലോത്സവത്തിലൂടെ വീണ്ടും കലോത്സവവേദികളിലേക്ക്. പങ്കെടുത്ത നാല് ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി. ഇക്കുറി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളനടനം, നാടോടിനൃത്തം എന്നിങ്ങനെ അഞ്ച് ഇനങ്ങളിലാണ് ദേവിക മത്സരിക്കുന്നത്.
ഇതില്‍ ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം എന്നിവ പൂര്‍ത്തിയാക്കി. ജീവിതത്തിന്റെ പുതിയ പടവുകള്‍ തേടി ദേവിക മത്സരം തുടരുകയാണ്. ഇടുക്കി വണ്ടന്മേട് സ്വദേശിയായ ദേവികയുടെ അച്ഛന് കെ.എ. രാമചന്ദ്രനും അമ്മ രേണുകയും എല്ലാ പ്രോത്സാഹനവുമായി ഒപ്പമുണ്ട്.