കൊച്ചി: എംജി സർവകലാശാലയിലെ മാർക്ക്ദാന വിവാദത്തിനു പിന്നാലെ തന്റെ മകന്റെ സിവിൽ സർവീസ് പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സിവിൽ സർവീസ് പരീക്ഷയുടെ നടപടി ക്രമങ്ങളേക്കുറിച്ച് മന്ത്രിക്ക് അറിയില്ലെങ്കിൽ ചീഫ് സെക്രട്ടറി ടോം ജോസിനോടോ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസിനോടോ ചോദിച്ച് മനസിലാക്കേണ്ടിയിരുന്നുവെന്ന് ചെന്നിത്തല പരിഹസിച്ചു.മന്ത്രിക്ക് ഈ വിഷയത്തേക്കുറിച്ച് അടിസ്ഥാനപരമായ വിവരമെങ്കിലും ഉണ്ടായിരിക്കുമെന്നാണ് താൻ കരുതിയതെന്നും അദ്ദേഹം എന്തു വിഢിത്തമാണ് വിളമ്പുന്നതെന്നും ചെന്നിത്ത ചോദിച്ചു.
ഇത്തരം മണ്ടത്തരങ്ങൾ പറഞ്ഞാൽ പൊതുസമൂഹം ചിരിക്കുകയേ ഉള്ളുവെന്ന് പറഞ്ഞ ചെന്നിത്തല വീട്ടിലിരിക്കുന്ന മക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് ശരിയായില്ലെന്നും പറഞ്ഞു. ഇതുകൊണ്ടൊന്നും ജലീലിനെതിരായ പ്രതിഷേധ നടപടികൾ അവസാനിപ്പിക്കില്ലെന്നും ശക്തമായി മുന്നോട്ട് പോകുമെന്നും ജലീലിന്റെ വാദമുഖങ്ങൾ പൂർണമായും തെറ്റാണെന്ന് സമൂഹത്തിനു മുന്നിൽ തെളിയിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
2017-ലെ സിവിൽ സർവീസ് പരീക്ഷയിൽ രമേശ് ചെന്നിത്തലയുടെ മകൻ രമിത് ചെന്നിത്തലയ്ക്ക് 210-ാം റാങ്കുണ്ടായിരുന്നു. എഴുത്തു പരീക്ഷയിൽ ഒന്നാം റാങ്കുകാരനായ ദുരൈഷെട്ടി അനുദീപിനെക്കാൾ 122 മാർക്ക് കുറവായിരുന്നു രമിത്തിന്. എന്നാൽ അഭിമുഖ പരീക്ഷയിൽ ഒന്നാം റാങ്കുകാരനെക്കാൾ 30 മാർക്ക് രമിത്തിന് കൂടുതൽ കിട്ടിയത് അന്വേഷണ വിധേയമാക്കണമെന്നാണ് മന്ത്രി ജലീൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടത്.
ചെന്നിത്തലയുടെ മകന്റെ പേര് പറയാതെ ഒന്നാം റാങ്കുകാരന്റെ പേര് പറഞ്ഞായിരുന്നു മന്ത്രിയുടെ ആരോപണം. ഉന്നത കോണ്ഗ്രസ് നേതാവിന്റെ മകൻ എന്ന് മന്ത്രി പറഞ്ഞെങ്കിലും രമേശ് ചെന്നിത്തലയുടെയോ മകന്റെയോ പേര് വാർത്താ സമ്മേളനത്തിൽ പറഞ്ഞില്ല.