ന്യൂഡൽഹി: ഇന്ത്യയിൽ അടുത്ത അഞ്ചുവർഷത്തിനിടെ 5,000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ചൈനീസ് വാഹനനിർമാണക്കന്പനിയായ എംജി മോട്ടോർ ഇന്ത്യ. ചൈനയിലെ എസ്എഎെസി കന്പനിയുടെ ഉപവിഭാഗമാണ് എംജി മോട്ടോർ.
അടുത്തവർഷംമുതൽ മൂലധന നിക്ഷേപം നടത്തുമെന്നും ഓരോ വർഷവും ഓരോ പുതുവാഹനം ഇന്ത്യൻ വിപണിയിലിറക്കുകയാണ് ലക്ഷ്യമെന്നും എംജി മോട്ടർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജീവ് ചബ പറഞ്ഞു. അടുത്ത വർഷം കന്പനി ഒരു എസ്യുവി ഇറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനറൽ മോട്ടോഴ്സിൽനിന്ന് കഴിഞ്ഞ വർഷം വാങ്ങിയ ഗുജറാത്തിലെ ഹലോൾ പ്ലാന്റിലാണ് ഇപ്പോൾ എംജി മോട്ടോർ പ്രവത്തിക്കുന്നത്. ഈ പ്ലാന്റിന്റെ ഉത്പാദന ക്ഷമത പ്രതിവർഷം 80000 യൂണിറ്റുകളിൽനിന്ന് ഒരു ലക്ഷം യൂണിറ്റായി ഉയർത്താനും കന്പനി പദ്ധതിയിടുന്നു.
ഡൽഹി, മുംബൈ, ബംഗളൂരു എന്നീ നഗരങ്ങളിൽ ഡീലർമാരെ കണ്ടെത്താനും കന്പനി നടപടി ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രിക്, ഫ്യുയൽ സെൽ വാഹനങ്ങൾ ഇന്ത്യക്കായി നിർമിക്കാൻ കന്പനിക്കു താത്പര്യമുണ്ടെന്നും കേന്ദ്ര സർക്കാരിന്റെ വാഹനനയങ്ങൾ അനുകൂലമായാൽ ഈ പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും രാജീവ് ചബ അറിയിച്ചു.