പത്തനംതിട്ട: എംജി സര്‍വകലാശാല എംഎസ്സി (മാത്സ്) പരീക്ഷ പ്രൈവറ്റായി എഴുതിയ വിദ്യാര്‍ഥികള്‍ക്കു കൂട്ടത്തോല്‍വി.
2016 നവംബറില്‍ നടന്ന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചത് ഒന്നര വര്‍ഷത്തിനുശേഷമാണ്. ആദ്യതവണ പരീക്ഷ എഴുതിയ 32 പേരില്‍ നാലുപേര്‍ ഒഴികെ 28 പേരും പരാജയപ്പെട്ടു. സപ്ലിമെന്ററി പരീക്ഷ എഴുതിയ 62 പേരില്‍ 17 പേര് മാത്രമാണു വിജയിച്ചത്. തോറ്റവരെല്ലാം ഒന്നാം സെമസ്റ്ററിലെ ലീനിയര്‍ ആള്‍ജിബ്രാ എന്ന പേപ്പര്‍ ജയിച്ചിട്ടില്ല.
മറ്റെല്ലാ പേപ്പറിനും കൂടി 65 ശതമാനത്തിനു മുകളില്‍ മാര്‍ക്കു വാങ്ങിയവരും പൊതുവെ വിഷമം ഇല്ലാതിരുന്ന ലീനിയര്‍ ആള്‍ജിബ്രാ വിഷയത്തിനു തോറ്റിരിക്കുകയാണ്. പിജിക്ക് ഇരട്ട മൂല്യനിര്‍ണയം നടത്തണമെന്ന വ്യവസ്ഥ പാലിക്കാത്തതാണു കൂട്ടത്തോല്‍വിക്കു കാരണമായതെന്നു പറയുന്നു.
2016 ജൂലൈയില്‍ നടത്തേണ്ട പിജി പ്രൈവറ്റ് പരീക്ഷകള്‍ നവംബറിലാണു നടത്തിയത്. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഫലം പൂര്‍ണമായി പ്രസിദ്ധീകരിച്ചിട്ടില്ല. പരാതികളെത്തുടര്‍ന്ന് ഫലം തട്ടിക്കൂട്ടി പുറത്തുവിടുകയായിരുന്നുവെന്നാണു വിദ്യാര്‍ഥികളുടെ ആക്ഷേപം.