എസ്. മഞ്ജുളാദേവി
“ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില്‍ യാത്ര ചെയ്യുമ്പോഴും എന്റെ പാട്ടൊന്നും ഞാന്‍ കേട്ട് ആസ്വദിക്കാറില്ല.
ചില ഗായകരൊക്കെ സ്വന്തം ഗാനങ്ങള്‍ വീണ്ടും വീണ്ടും കേള്‍ക്കുന്നത് കാണുമ്പോള്‍ എനിക്കു വലിയ അത്ഭുതം തോന്നാറുണ്ട്. അങ്ങനെ ചെയ്യുന്ന ഗാനരചയിതാക്കളും സംഗീതസംവിധായകന്മാരും ഉണ്ടാവും.
എങ്ങനെയാണ് സ്വന്തം സൃഷ്ടി നമ്മള് പിന്നെയും പിന്നെയും ആസ്വദിക്കുന്നത്? സംഗീതസംവിധാനം ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ആ ഗാനത്തെ നെഞ്ചേറ്റി നടക്കാറില്ല.”
തിരുവനന്തപുരത്തെ തൈക്കാട്ടുള്ള മേടയില്‍ വീട്ടിലിരുന്ന് എം.ജി. രാധാകൃഷ്ണന് പറഞ്ഞതാണിത്. സത്യമായിരുന്നു അത്. സാധാരണ ഒരു സംഗീത സംവിധായകന്റെയോ ഗായകന്റെയോ മനസായിരുന്നില്ല എം.ജി. രാധാകൃഷ്ണന്റേത്.
വെള്ള ജുബ്ബയും മുണ്ടും നെറ്റിയില്‍ കുങ്കുമക്കുറിയും ധരിച്ച്, എപ്പോഴും വെറ്റിലയും മുറുക്കി നടക്കുന്ന എംജി ഒരു പ്രത്യേക പ്രകൃതക്കാരനായിരുന്നു. നിലനില്‍ക്കുന്ന ചിട്ടയ്ക്കും സമ്പ്രദായങ്ങള്‍ക്കുമപ്പുറം സ്വതന്ത്രമായ വഴിയിലൂടെ സഞ്ചരിച്ച ഒരു വ്യക്തിയും സംഗീതസംവിധായകനും ആയിരുന്നു എംജി എന്നും പറയാം.
അതുകൊണ്ടു തന്നെയാണ് പല പുതിയ പരീക്ഷണങ്ങള്‍ തന്റെ സംഗീതത്തില്‍ നടത്തുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്.‘മണിച്ചിത്രത്താഴി’ലെ ആഹിരി രാഗത്തിലെ ‘പഴംതമിഴ് പാട്ടിഴയും… ‘ എന്ന ഗാനം തന്നെ എടുക്കാം.
മലയാള സിനിമാ ഗാനലോകത്ത് ആദ്യമായാണ് ഒരു പൂര്‍ണഗാനം ആഹിരി രാഗത്തില്‍ സൃഷ്ടിക്കപ്പെടുന്നത്. ഇതേ സിനിമയിലെ ‘ഒരു മുറൈവന്ത് പാര്‍ത്തായ’ ഒന്‍പത് മിനിട്ടിലേറെ ദൈര്‍ഘ്യമുള്ള ഗാനമാണ്.
പണ്ട് പണ്ടെങ്ങോ മരിച്ച നാഗവല്ലിയുടെ ‘ആത്മാവ്’ സഞ്ചരിക്കുന്ന പഴമയിലേക്കാണ് ഗാനം നമ്മളെ കൊണ്ടുപോകുന്നത്. സുഹൃത്തായ ബിച്ചു തിരുമല രചിച്ച ഗാനത്തിന്റെ സംഗീതം വളരെ അധ്വാനിച്ചാണ് സൃഷ്ടിച്ചതെന്ന് എംജി പറഞ്ഞിട്ടുണ്ട്.
സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ കര്‍ണാടക സംഗീതജ്ഞനായ മലബാര്‍ ഗോപാലന് നായരുടെയും ഹരിക്കഥാ പ്രവീണയായ കമലാക്ഷി അമ്മയുടേയും മൂത്ത മകനായി ജനിച്ച രാധാകൃഷ്ണന് ശാസ്ത്രീയമായിതന്നെ കര്‍ണാടക സംഗീതം പഠിച്ചിരുന്നു.
ജന്മനാ ലഭിച്ചതും അഭ്യസനം കൊണ്ടു നേടിയതുമായ സംഗീത സംസ്കാരവും ജ്ഞാനവും മുതല്‍ക്കൂട്ടായിരുന്നു.പല എംജി ഗാനങ്ങളുടെയും ആഴങ്ങള്‍ക്കു പിന്നിലെ രഹസ്യവും ഇതുതന്നെയാണ്.
വ്യക്തി എന്ന നിലയിലും എംജി വ്യത്യസ്തനായിരുന്നു. ഉള്ളില്‍ തോന്നുന്നത് അതുപോലെ വിളിച്ചുപറയുന്ന, യാതൊരു വളച്ചൊടിക്കലുകളും വിളക്കിച്ചേര്‍ക്കലുകളും അറിയാത്ത വ്യക്തിയായിരുന്നു അദ്ദേഹം.
എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തില്‍ യേശുദാസ് പാടി മനോഹരമാക്കിയ നിരവധി നിരവധി സിനിമാ ഗാനങ്ങളുണ്ട്.
“ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ…’
“പൂമുഖ വാതിലില്‍ സ്നേഹം തുളുമ്പുന്ന
പൂതിങ്കളാകുന്നു ഭാര്യ…’
“ഒരു ദളം മാത്രം…’
അങ്ങനെ നൂറു കണക്കിനു സിനിമാ ഗാനങ്ങളില്‍ ഒന്നുചേര്‍ന്ന ഉറ്റമിത്രങ്ങള്‍ കൂടിയാണിവര്‍ – ‘ഓടക്കുഴല്‍ വിളി…’, ‘ഘനശ്യാമ സന്ധ്യാ ഹൃദയം…’, ‘രാമായണക്കിളി’ തുടങ്ങി ഇന്നും നിലനില്‍ക്കുന്ന ആകാശവാണി ലളിതഗാനങ്ങളുടെ പിന്നിലും ഇവരുടെ കൂട്ടുകെട്ട് തന്നെ.
യേശുദാസ് തിരുവനന്തപുരത്ത് ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ ചേരുവാന്‍ വന്ന കാലത്ത് അച്ഛൻ അഗസ്റ്റിൻ ജോസഫിനോടൊപ്പം മേടയില്‍ വീട്ടിലെത്തിയിരുന്നു.
(മലബാർ ഗോപാലന് നായരും അഗസ്റ്റിന് ജോസഫും സുഹൃത്തുക്കള്‍ ആയിരുന്നു.) അന്ന് രാധാകൃഷ്ണനും യേശുദാസും ഒന്നിച്ചിരുന്നു പാടിയ കാര്യം എം.ജി. രാധാകൃഷ്ണന് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
സ്വാതി തിരുനാള്‍ സംഗീത അക്കാഡമിയില്‍ (ഇന്നത്തെ സംഗീത കോളജ്) ഒരുമിച്ചിരുന്ന ഇവര്‍ ആകാശവാണിയുടെ സംഗീതമത്സരത്തിനു പോയതും രണ്ടുപേരും തോറ്റതും എംജി പറയാറുണ്ട്.
(ഇക്കഥയാണ് ആകാശവാണി യേശുദാസിന്റെ ശബ്ദം നന്നല്ല എന്ന് പറഞ്ഞ് മടക്കി അയച്ചു എന്ന നിലയില്‍ ഇന്നും പ്രചരിക്കുന്നത്.) ഏതായാലും ആകാശവാണി സംഗീത മത്സരത്തില്‍ തോറ്റ ഈ സുഹൃത്തുക്കളാണ് പില്ക്കാലത്ത് ആകാശവാണി പിടിച്ചടക്കിയതും ഇന്നും കീഴടക്കുന്നതും എന്ന വൈരുധ്യമുണ്ട്!.
സംഗീത ജീവിതത്തിലെ ഈ ലയം പക്ഷേ വ്യക്തി ജീവിതത്തില്‍ ഇടയ്ക്കൊക്കെ പിഴയ്ക്കാറുണ്ട്. രണ്ടുപേരും പലകാലത്തും വഴക്കിട്ട് പിരിഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു കഥ കേള്‍ക്കാം – പതിവായി വെറ്റില മുറുക്കുന്ന പ്രകൃതക്കാരനായിരുന്നു എം.ജി. രാധാകൃഷ്ണൻ.
തരംഗിണിയിലൊരു റെക്കോര്‍ഡിംഗിനു പോയ സമയത്ത് എം.ജി. രാധാകൃഷ്ണന് ഇടയ്ക്കൊന്നു മുറ്റത്തേക്കിറങ്ങി മുറുക്കാന്‍ തുപ്പി. ഇതുകണ്ടു നിന്ന ആരോ പിന്നീട് ഇക്കാര്യം യേശുദാസിനോടു പറഞ്ഞു.
എം.ജി. രാധാകൃഷ്ണന് ദാസ് സാറിന്റെ തുളസിച്ചെടിയില്‍ തുപ്പി എന്ന രീതിയിലാണ് പറഞ്ഞു കൊടുത്തത്. വളരെ പവിത്രമായി തുളസിച്ചെടിയെ കാത്തു സംരക്ഷിച്ചിരുന്ന യേശുദാസ് ഇതൊരു വലിയ പ്രശ്നമായി എടുക്കുകയും അടുത്ത ദിവസം എം.ജി. രാധാകൃഷ്ണനെ സ്റ്റുഡിയോയിലേക്കു വിളിച്ചുവരുത്തി ദേഷ്യപ്പെട്ട് സംസാരിക്കുകയും ചെയ്തു.
എംജി തിരികെ അതേ നാണയത്തില്‍ തിരിച്ചടിച്ചു. ‘ഒരു നാഴിയില്‍ മറ്റൊരു നാഴി കയറ്റരുതെ’ന്ന് പറഞ്ഞ് തരംഗിണിയില്‍ നിന്നും ഇറങ്ങി പോവുകയും ചെയ്തു.
മുന്‍കോപക്കാരനായ ഗാനഗന്ധര്‍വനും അതേ മുന്‍കോപമുള്ള എം.ജി. രാധാകൃഷ്ണനും തമ്മില്‍ ഇങ്ങനെയുള്ള വാക്കുതര്‍ക്കങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. എങ്കിലും അടുത്ത തവണ കാണുന്ന അവസരത്തില്‍ രണ്ടുപേരും ഇക്കാര്യം മറന്നുപോവുകയും ചെയ്യുമായിരുന്നു. എന്ന് എം.ജി. രാധാകൃഷ്ണന് പറയുമായിരുന്നു.
1978ല്‍ ജി. അരവിന്ദന്റെ ‘തമ്പ്’ എന്ന സിനിമയിലൂടെയാണ് എം.ജി.രാധാകൃഷ്ണൻ സിനിമാ സംഗീത സംവിധായകനായി രംഗപ്രവേശം ചെയ്യുന്നത്.
ഈ ചിത്രത്തിലെ ‘കാനകപെണ്ണ് ചെമ്മരുത്തി’ ഏറെ ശ്രദ്ധേയമായി. അതിനു മുമ്പുതന്നെ 1971ലെ ശരശയ്യയിലൂടെ സിനിമയില്‍ ഗായകനായി ശ്രദ്ധ നേടിയിരുന്നു. ‘ശാരികെ ശാരികെ…’ എന്ന ഗാനം ജി. ദേവരാജന്റെ സംഗീതത്തില്‍ എസ്. ജാനകിക്കൊപ്പം പാടി അവിസ്മരണീയമാക്കി.