പത്തനാപുരം: ബാല്യത്തിലെ സൗഹൃദം കൗമാരത്തിലും തിരി കെടാതെ കരുതിയ കൂട്ടുകാര്‍ക്ക് റാങ്കിന്റെ തിളക്കത്തിലും ഒരുമയുടെ പെരുമ. കാര്‍ത്തികയും പാര്‍വതിയും അങ്ങനെയാണ്. ഒരാള്ക്കൊരാള് എപ്പോഴും അടുത്തുണ്ടാകണം. കളിയും പഠനവും ഹോസ്റ്റല്‍ മുറിയിലെ താമസവുമൊക്കെ ഒരുമിച്ചാണ്.
ഇപ്പോള്‍ ഡിഗ്രി പരീക്ഷയുടെ ഫലം വന്നപ്പോഴും ഒന്നും രണ്ടും റാങ്ക് നേടി സൗഹൃദത്തിന്റെ നൂലിഴ അവര്‍ ഉറപ്പിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ബിഎസ് സി സുവോളജി അക്വാകള്‍ച്ചര്‍ പരീക്ഷാ ഫലം വന്നപ്പോള്‍ ഒന്നാം റാങ്ക് കാര്‍ത്തികയും രണ്ടാം റാങ്ക് പാര്‍വതിയും നേടി.
നാട്ടകം ഗവ. കോളേജിനൊപ്പം നാട്ടിലും ഇവരുടെ സൗഹൃദം ഇപ്പോള്‍ ചര്‍ച്ചയാണ്. അഞ്ചാം ക്ലാസ് മുതലാണ് പത്തനാപുരം മാങ്കോട് നിരത്തുപാറ നിരവത്ത് വീട്ടില്‍ വിനോജിയുടെയും ശ്രീലേഖയുടെയും മകള്‍ കാര്‍ത്തികയും നിരത്തുപാറ മംഗലത്ത് പുത്തന്‍ വീട്ടില്‍ പരേതനായ ബാലകൃഷ്ണപിള്ളയുടെയും ഉഷാകുമാരിയുടെയും മകളായ പാര്‍വതി ബാലകൃഷ്ണനും ഒന്ന് ചേര്‍ന്നത്.
പത്തനാപുരം മൗണ്ട് താബോര്‍ സ്കൂളില്‍ അഞ്ച് മുതല്‍ പത്ത് വരെ ഇവര്‍ ഒരേ ക്ലാസിൽപഠിച്ചു. അവിടെ നിന്ന് മാങ്കോട് ഗവ. ഹയര്‍ സെക്കൻഡി സ്കൂളില്‍ ഹയര്‍ സെക്കൻഡറിയ്ക്കും ഒരുമിച്ച് തന്നെ. 88 ശതമാനം മാര്‍ക്ക് പാര്‍വതി ഹയര്‍ സെക്കൻഡറിയ്ക്ക് വാങ്ങിയപ്പോള്‍ കാര്‍ത്തികയ്ക്ക് 87 ശതമാനം മാര്‍ക്ക് കിട്ടി. പിന്നീട് രണ്ട് പേരും നാട്ടകം ഗവ. കോളേജില്‍ ഒരുമിച്ച് ബിഎസ് സി സുവോളജി അക്വാകള്‍ച്ചര്‍ കോഴ്സിനും എത്തി.
വീട്ടുകാര്‍ക്കും കോളേജധികൃതര്‍ക്കും മുമ്പില്‍ വച്ച ഒരേയൊരുപാധി കോളേജ് ഹോസ്റ്റലില്‍ ഒരു മുറിയില്‍ തന്നെ താമസിക്കണമെന്നതായിരുന്നു. അതും സാധിച്ച് സൗഹൃദത്തിന്റെ കരുത്തില്‍ പഠനവും ഒരേ പോലെ മുമ്പോട്ട് കൊണ്ടുപോയ ഇവര്‍ മികച്ച വിജയവും പ്രതീക്ഷിച്ചിരുന്നു.
പഠനത്തിന്റെ ഇടവേളയില്‍ നിരത്തുപാറയില് എത്തിയാലും ഇരുവരും ഒന്നിച്ച് തന്നെയാണ് എപ്പോഴും.കര്‍ഷകനാണ് കാര്‍ത്തികയുടെ അച്ഛന് വിനോജി. പാര്‍വ്വതിയുടെ അച്ഛന് ബാലകൃഷ്ണപിള്ള മൂന്ന് വര്‍ഷം മുന്‍പ് മരിച്ചു. ക്ഷീര കര്‍ഷകയാണ് അമ്മ ഉഷാകുമാരി. എംഎസ് സി യ്ക്കും ഒരുമിച്ച് തന്നെ പഠിക്കുന്നതിനാണ് ഇരുവര്‍ക്കും ആഗ്രഹം.