തൃശൂർ: മീഡിയനുകൾ സ്ഥാപിച്ചും പാർക്കിംഗ് തടഞ്ഞുമുള്ള ഗതാഗതപരിഷ്കാരം ഏർപ്പെടുത്തിയതോടെ എംജി റോഡിലെ ഗതാഗതക്കുരുക്ക് അഴിക്കാനായതായി പോലീസ്. നടുവിലാൽ മുതൽ പടിഞ്ഞാറെകോട്ടവരെയുള്ള 1.1 കിലോമീറ്റർ റോഡിലാണ് പോലീസ് മധ്യത്തിൽ ബാരിക്കേഡ് ഉപയോഗിച്ച് മീഡിയൻ സ്ഥാപിച്ചതോടെ ഗതാഗതം സുഗമമായത്.
പാർക്കിംഗ് നിയന്ത്രണം ഉൾപ്പെടെയുള്ള റോഡിലെ മാറ്റങ്ങൾ യാത്രക്കാർ സ്വീകരിച്ചതായും പോലീസ് പറഞ്ഞു. വീതികുറഞ്ഞ റോഡിൽ വാഹനങ്ങൾ നിയന്ത്രണമില്ലാതെ ഓവർടേക്ക് ചെയ്യുന്നതും റോഡരികിലെ അനധികൃത പാർക്കിംഗും മൂലം വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറുള്ളത്.
എന്നാൽ റോഡിൽ ഉറപ്പിച്ച 250 മീഡിയനുകൾ വാഹനങ്ങളുടെ നിര തെറ്റിച്ച കുത്തിക്കയറ്റവും, പോക്കറ്റ് റോഡുകളിലൂടെയുള്ള അനിയന്ത്രിത വരവും തടഞ്ഞു. പോലീസിടപെട്ട് സ്വകാര്യ സ്പോണ്സർഷിപ്പിലൂടെയാണ് നഗരത്തിലേക്കാവശ്യമായ 500 മീഡിയനുകൾ കണ്ടെത്തി സ്ഥാപിച്ചത്.
മന്നത്ത് ലൈൻ, മച്ചിങ്ങൽ ലൈൻ, ഡിസിസി ഓഫീസ് റോഡ്, മിൽമ ജംഗ്ഷൻ, മാരിയമ്മൻ കോവിൽ റോഡ്, പാറയിൽ ജംഗ്ഷൻ, ശങ്കരയ്യ റോഡ് തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം പോലീസിനെ ഗതാഗത നിയന്ത്രണത്തിനായി വിനിയോഗിച്ചിട്ടുണ്ട്.
അനധികൃത പാർക്കിംഗ് ഇനത്തിൽ നഗരത്തിൽനിന്ന് ഇതിനകം അഞ്ചുലക്ഷം രൂപ പിഴ ഈടാക്കി. സ്റ്റിക്കർ ഒട്ടിച്ച് 100 രൂപ വീതമാണ് ഫൈൻ ഇനത്തിൽ ഈടാക്കിയത്. അനധികൃത പാർക്കിംഗ് തടയാനും, പിടിക്കാനുമായി നഗരത്തിൽ പോലീസ് വാഹനങ്ങളുടെ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
ട്രാഫിക് ഡ്യൂട്ടിചെയ്യുന്ന പോലീസുകാർക്കു പുറമെയാണിത്. സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്രയുടെ നിർദേശാനുസരമാണ് സിറ്റിയിലെ ഗതാഗത പരിഷ്കാരങ്ങൾ.നഗരത്തിലെ പത്തു മാതൃകാറോഡുകളെ പൂർണമായും നിരീക്ഷിച്ച് ഗതാഗതക്കുരുക്കിനിടയാകുന്ന സാഹചര്യങ്ങൾ പോലീസ് ഒഴിവാക്കിത്തുടങ്ങി.
ഇതിന്റെ ഭാഗമായി എംജി റോഡിനു പുറമേ, മാരാർ റോഡ്, കുറുപ്പം റോഡ്, പോസ്റ്റ് ഓഫീസ് റോഡ്, എംഒ റോഡ്, ഹൈറോഡ്, പാലയ്ക്കൽ അങ്ങാടി റോഡ്, അരിയന്നൂർ റോഡ്, വെളിയന്നൂർ- ദിവാൻജിമൂല റോഡ്, അയ്യന്തോൾ-വെസ്റ്റ്ഫോർട്ട് റോഡ് എന്നിവിടങ്ങളിലും പാർക്കിംഗ് നിയന്ത്രണം ഉണ്ടായിരിക്കും. എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള ട്രാഫിക് യൂണിറ്റാണ് ഗതാഗത പരിഷ്കാരങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.