ഗുണ്ടൂര്‍: അന്തര്‍ സര്‍വകലാശാലാ അത്ലറ്റിക് മീറ്റില്‍ കേരളത്തില്‍നിന്നുള്ള സര്‍വകലാശാലകളെ ബഹുദൂരം പിന്നിലാക്കി മംഗളൂരു യൂണിവേഴ്സിറ്റി കുതിക്കുന്നു. മീറ്റ് രണ്ടു ദിനം പിന്നിടുമ്പോള്‍ അവര്‍ 74 പോയിന്റുമായി മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള കാലിക്കട്ട് യൂണിവേഴ്സിറ്റിക്ക് 37 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്ത് 36 പോയിന്റുള്ള എംജി യൂണിവേഴ്സിറ്റിയാണ്.
അതേസമയം, വനിതാ വിഭാഗത്തില്‍ എംജി യൂണിവേഴ്സിറ്റി 24 പോയിന്റോടെ ഒന്നാമതുണ്ട്. മംഗളൂരു യൂണിവേഴ്സിറ്റിയാണ് രണ്ടാമത്; 22 പോയിന്റ്. പുരുഷവിഭാഗത്തില്‍ 52 പോയിന്റോടെ മംഗളൂരു യൂണിവേഴ്സിറ്റി ബഹുദൂരം മുന്നിലാണ്. 24 പോയിന്റോടെ കാലിക്കട്ട് യൂണിവേഴ്സിറ്റിയാണ് രണ്ടാമത്.
110 മീറ്റർ ഹർഡിൽസിൽ കാലിക്കട്ടിന്റെ മെയ്മോൻ പൗലോസ് മീറ്റ് റിക്കാർഡോടെ സ്വർണം നേടി. സമയം 14.19 സെക്കൻഡ്. തൃശൂർ സെന്റ് തോമസ് കോളജിലെ ബിരുദ വിദ്യാർഥിയാണ് മെയ്മോൻ. എം.സി. വർഗീസിന്റെ കീഴിലാണ് മെയ്മോൻ പരിശീലനം നേടുന്നത്.ഈ ഇനത്തിൽ എംജി യൂണിവേഴ്സിറ്റിയുടെ സച്ചിൻ ബിനു (14.30) വെള്ളി മെഡൽ കരസ്ഥമാക്കി. കോതമംഗലം എംഎ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ സച്ചിൻ കേരള സ്പോർട്സ് കൗൺസിൽ കോച്ച് പി.പി. പോളിന്റെ കീഴിലാണ് പരിശീലനം.
ആൺകുട്ടികളുടെ ലോംഗ്ജംപിൽ ശ്രീകൃഷ്ണ കോളജ് ഗുരുവായൂരിലെ മുഹമ്മദ് അനീസ് കാലിക്കട്ടിനുവേണ്ടി വെള്ളി മെഡൽ നേടി. ദൂരം 7.49 മീറ്റർ. മദ്രാസ് യൂണിവേഴ്സിറ്റിയുടെ പി.എസ്. വിഷ്ണുവിനാണ് (7.68) സ്വർണം. പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ ബിപിൻ ജോർജ് വെള്ളി മെഡൽ നേടി. സമയം 9: 18.36. ഈയിനത്തിൽ മംഗളൂരു യൂണിവേഴ്സിറ്റിയിലെ ഹരിപക്ഷ് സിംഗിനാണ് സ്വർണം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിയായ ബിപിൻ, പൗലോസിന്റെ കീഴിലാണ് പരിശീലിക്കുന്നത്.
ഈയിനത്തിൽ എംജിയുടെ ക്രിസ്റ്റ്യൻ വിൽസണ്‍ ആറാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ശ്രുതി എം.എസ്. ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 800 മീറ്ററിൽ കാലിക്കട്ടിന്റെ മെഡൽ പ്രതീക്ഷയായിരുന്ന അബിത മേരി മാനുവലിനു നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.
വനിതകളുടെ പോൾവോൾട്ടിൽ ജയ്ൻ യൂണിവേഴ്സിറ്റി ബംഗളൂരുവിനുവേണ്ടി മത്സരിച്ച മലയാളിയായ മരിയ ജയ്സൺ പുതിയ മീറ്റ് റിക്കാർഡോടെ സ്വർണം നേടി. ഉയരം 3.65 മീറ്റർ. മുന്‍പ് പാലാ ജംപ്സ് അക്കാഡമി താരമായിരുന്ന മരിയ ഇപ്പോൾ ബംഗളൂരുവിലുള്ള അഞ്ജു ബോബി ജോർജ് അക്കാഡമിയിലാണ് പരിശീലിക്കുന്നത്.
ഈയിനത്തിൽ കേരള യൂണിവേഴ്സിറ്റിയുടെ അഞ്ജലി ഫ്രാൻസിസ് വെങ്കലം നേടി. ഉയരം 3.30 മീറ്റർ. പുരുഷന്മാരുടെ 800 മീറ്ററിൽ ഡൽഹി യൂണിവേഴ്സിറ്റിക്കു വേണ്ടി മത്സരിച്ച അമോജ് ജേക്കബ് മീറ്റ് റിക്കാർഡോടെ സ്വർണം നേടി. സമയം ഒരു മിനിറ്റ് 49.70 സെക്കൻഡ്. അമോജിന്റെ രണ്ടാം മെഡലാണിത്.
ഡോ. ജിമ്മി ജോസഫ്