മലയാളത്തിൽ വിദ്യാസാഗറിന് വേണ്ടി കൂടുതൽ ഗാനങ്ങൾ പാടിയിരിക്കുന്നത് സുജാതയാണ്. സുജാതയ്ക്ക് പാട്ടുകൾ പാടുമ്പോൾ കുറച്ച് ഭാവങ്ങൾ ഉണ്ടായിരുന്നു. ഒരുപക്ഷേ അതായിരിക്കാം വിദ്യാസാഗർ സുജാതയിൽ ഇഷ്ടപ്പെട്ടിട്ടുള്ളത്. ഞാൻ കൂടുതലായും ചിത്രച്ചേച്ചിയുമായിട്ടാണ് പാടിയിട്ടുള്ളത്.
പക്ഷേ, വിദ്യാസാഗറിന്റെ പാട്ടുകൾ പാടിയത് സുജാതയോടൊപ്പമായിരുന്നു. മീശമാധവൻ സിനിമയിൽ പാടാൻ റെക്കോർഡിംഗിനായി വിദ്യാസാഗർ എന്നെ വിളിച്ചു. അതിന്റെ തലേദിവസം എനിക്ക് ചങ്ങനാശേരിയിലെ ഒരു അമ്പലത്തിൽ രാത്രി 12 മണി വരെ പരിപാടി ഉണ്ടായിരുന്നു.
പിറ്റേന്ന് പത്ത് മണിയായപ്പോൾ ഞാൻ റെക്കോർഡിംഗിനായി സ്റ്റുഡിയോയിലെത്തി.അപ്പോഴേക്കു ശബ്ദത്തിൽ ചില മാറ്റങ്ങൾ വന്നിരുന്നു. എനിക്ക് ആ ഗാനം ശരിയായി പാടൻ കഴിഞ്ഞില്ല. ഞാൻ റെക്കോർഡിംഗ് അടുത്ത ദിവസത്തേക്ക് മാറ്റി വയ്ക്കുമോയെന്ന് വിദ്യാസാഗറിനോട് ചോദിച്ചു.
പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടായി. അതിനുശേഷം വിദ്യാസാഗർ ആ ഗാനം വിധു പ്രതാപിനെ കൊണ്ട് പാടിപ്പിച്ചു. അതിന് പരിഹാരമായി മീശമാധവനിലെ മറ്റൊരു ഗാനം വിദ്യാസാഗർ എന്നെക്കൊണ്ട് പാടിപ്പിച്ചു. അദ്ദേഹത്തിന്റെ ഒരുപാട് ഗാനങ്ങൾ ഞാൻ പാടിയിട്ടുണ്ട്. വിദ്യാസാഗറിന്റ ഗാനങ്ങൾ പാടാൻ എനിക്ക് ഇപ്പോഴും വലിയ ഊർജമാണ്. -എം.ജി. ശ്രീകുമാർ