കോട്ടയം: സിൻഡിക്കേറ്റ് അംഗം ഉത്തരക്കടലാസുകൾ കൈക്കലാക്കിയെന്നു തുറന്നുസമ്മതിച്ച് എംജി സർവകലാശാല വൈസ് ചാൻസലർ. ചാൻസലർ കൂടിയായ ഗവർണർക്കു നൽകിയ വിശദീകരണത്തിലാണു വിസിയുടെ തുറന്നുപറച്ചിൽ.
ഇനിമേൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നു വൈസ് ചാൻസലർ ഡോ. സാബു തോമസ് ഗവർണർക്ക് ഉറപ്പുനൽകി. എന്നാൽ സിൻഡിക്കേറ്റ് അംഗം ഉത്തരക്കടലാസുകൾ കൈക്കലാക്കിയതു പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിച്ചില്ലെന്നാണു വൈസ് ചാൻസലറുടെ വിശദീകരണം.
വിദ്യാർഥികളുടെ ഫാൾസ് നന്പറടങ്ങിയ ഉത്തരക്കടലാസുകൾ പരീക്ഷാ ചുമതലയുള്ള സിൻഡിക്കേറ്റ് അംഗം ആർ. പ്രഗാഷിന് നൽകാൻ വൈസ് ചാൻസലർ ഒപ്പിട്ട് കത്ത് നൽകിയതാണു വിവാദമായത്. അതീവ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കേണ്ടവയാണ് ഈ ഉത്തരക്കടലാസുകൾ. സംഭവത്തിൽ വിസി, ആർ. പ്രഗാഷ് എന്നിവർക്കെതിരേ ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.