പി.കെ. അരുണ്കുമാർ
കോട്ടയം: എംജി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള ചങ്ങനാശേരി അമര പിആർഡിഎസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ഒന്നാം സെമസ്റ്റർ ബിഎസ്സി മാത്സ് വിദ്യാർഥികൾ പരീക്ഷാഫലത്തിനു കാത്തിരിപ്പു തുടങ്ങിയിട്ട് ഒന്നരമാസം.
എംജി യൂണിവേഴ്സിറ്റിയുടെ 2021 സെപ്റ്റംബറിൽ നടന്ന (സിബിസിഎസ് 2020 അഡ്മിഷൻ) ഒന്നാം സെമസ്റ്റർ ഡിഗ്രി പരീക്ഷാഫലം മാർച്ച് ഏഴിനു പ്രഖ്യാപിച്ചതാണ്.
എന്നാൽ, അമര പിആർഡിഎസ് കോളജിലെ ഒന്നാം സെമസ്റ്റർ ബിഎസ്സി മാത്സ്, ബികോം വിഭാഗങ്ങളുടെ പരീക്ഷാഫലം യൂണിവേഴ്സിറ്റി തടഞ്ഞു വച്ചു.
ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഇന്റേണൽ മാർക്ക് യഥാസമയം സബ്മിറ്റ് ചെയ്യാതിരുന്നതിനെത്തുടർന്നാണ് പരീക്ഷാഫലം തടഞ്ഞുവച്ചതെന്ന് യൂണിവേഴ്സിറ്റി പരീക്ഷാ കണ്ട്രോളിംഗ് വിഭാഗം അറിയിച്ചിരുന്നു.
എന്നാൽ പിഴയോടുകൂടി ഇന്റേണൽ മാർക്ക് യൂണിവേഴ്സിറ്റിക്കു നൽകിയെന്നാണ് കോളജിന്റെ വിശദീകരണം.
യൂണിവേഴ്സിറ്റിയുടെയും കോളജ് അധികൃതരുടെയും നിരുത്തരവാദപരമായ സമീപനത്താൽ നട്ടംതിരിഞ്ഞ വിദ്യാർഥികൾ ഇതിനെതിരേ പ്രതിഷേധം ഉയർത്തി.
ഇതു സംബന്ധിച്ച വിവരങ്ങൾ “ദീപിക’ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഏപ്രിൽ എട്ടാം തീയതി ബികോം വിദ്യാർഥികളുടെ ഫലം യൂണിവേഴ്സിറ്റി പ്രസിദ്ധപ്പെടുത്തി.
എന്നാൽ, മാത്സ് ഫലം പ്രസിദ്ധപ്പെടുത്തിയില്ല. തുടർന്നു വീണ്ടും പത്രമാധ്യമങ്ങൾ ഇടപെട്ടപ്പോൾ മാത്സ് വിദ്യാർഥികളുടെ ഇന്റേണൽ മാർക്ക് കോളജ് അധികൃതർ നൽകിയത് കഴിഞ്ഞ ദിവ സമാണെന്ന മറുപടിയാണ് യൂണിവേഴ്സിറ്റി അധികൃതർ നൽകിയത്.
എന്നാൽ, കഴിഞ്ഞമാസംതന്നെ മാർക്കു സബ്മിറ്റ് ചെയ്യുകയും പിഴയൊടുക്കിയതായും കോളജ് പ്രിൻസിപ്പലും അറിയിച്ചു. ഇതിൽ യഥാർഥ വസ്തുതയെന്തെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് വിദ്യാർഥികൾ.
അതേസമയം, ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഇന്റേണൽ മാർക്ക് യഥാസമയം സബ്മിറ്റ് ചെയ്തില്ലെന്നും പിന്നീട് പിഴയോടുകൂടി സമയം അനുവദിച്ചിട്ടും കോളജ് അധികൃതർ മതിയായ പിഴയൊടുക്കിയില്ലെന്നും പറഞ്ഞിരുന്ന യൂണിവേഴ്സിറ്റിയുടെ വാദത്തിൽ കഴന്പില്ലെന്നും വ്യക്തമായിരിക്കുകയാണ്.
ഏപ്രിൽ എട്ടിനു ബി കോം ഫലം പ്രസിദ്ധപ്പെടുത്തുകയും ഇതിനു പ്രത്യേകം അധിക പിഴ ഈടാക്കിയില്ലെന്നുമാണ് യൂണിവേഴ്സിറ്റിയിൽനിന്നും കോളജിൽനിന്നും അറിയാൻ സാധിച്ചത്.
അതിനാൽ, നേരത്തേതന്നെ പ്രസിദ്ധപ്പെടുത്താമായിരുന്ന പരീക്ഷാ ഫലം, യൂണിവേഴ്സിറ്റി അധികൃതരുടെ പിടിപ്പുകേടുമൂലം താമസം വരികയും, ഒന്നരമാസക്കാലമായിട്ടും ഇക്കാര്യത്തിൽ കാര്യക്ഷമമായി കോളജ് അധികൃതർ ഇടപെടാത്തതിലും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കപ്പെടുകയാണ്.