തിരുവല്ല: എംജി സർവകലാശാലയുടെ ഡിഗ്രി രണ്ട്, അഞ്ച് സെമസ്റ്റർ പരീക്ഷകളുടെയും രണ്ടാം സെമസ്റ്റർ പിജി പരീക്ഷകളുടെയും കേന്ദ്രീകൃത മൂല്യനിർണയത്തിനായി നാളെ മുതൽ 12 വരെ കോളജുകൾ അടച്ചിട്ട് മുഴുവൻ അധ്യാപകരെയും ക്യാന്പുകളിലേക്ക് നിയമിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധവുമായി അധ്യാപക സംഘടനകൾ.
പരീക്ഷകൾ കൃത്യസമയത്തു നടത്തണമെന്നു നിർബന്ധിക്കുന്ന എംജി സർവകലാശാല അധികൃതർക്കു പാഠഭാഗങ്ങൾ തീർക്കുന്നതിന് സമയം അനുവദിക്കുന്നതിൽ യാതൊരു താത്പര്യവുമില്ലെന്നതിന്റെ ഭാഗമാണ് കോളജുകൾ അടച്ചിടാനുള്ള തീരുമാമെന്ന് കെപിസിടിഎ മേഖലാ കമ്മിറ്റി കുറ്റപ്പെടുത്തി.
നവംബർ 26ന് പിജി മൂന്നാം സെമസ്റ്ററിന്റെയും ഡിസംബർ ആദ്യവാരം പിജി, യുജി ഒന്നാം സെമസ്റ്ററിന്റെയും പരീക്ഷകൾ നടക്കും. ഈ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ പാഠഭാഗങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കേണ്ട സമയമാണിതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. നവംബർ ഒന്‍പതിന് കോളജുകളിൽ ഓപ്പണ്‍ കോഴ്സുകളിലെ പരീക്ഷകൾ നടക്കുന്നുണ്ട്. ഇൻവിജിലെറ്റർമാരെ കണ്ടെത്താൻ പ്രിൻസിപ്പൽമാർ ബുദ്ധിമുട്ടും.
ഓഗസ്റ്റ് 29ന് ക്ലാസുകൾ ആരംഭിച്ച പിജി മൂന്നാം സെമസ്റ്ററിന്റെ പരീക്ഷ നവംബർ 26ന് ആരംഭിക്കുമെന്നാണ് പരീക്ഷ അധികൃതർ പറയുന്നത്. ഈ കോഴ്സിൽ വിദ്യാർഥികളുടെ പിജി രണ്ടാം സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷകൾ പൂർത്തിയായിട്ടില്ല.
കഴിഞ്ഞ ആഴ്ച മാത്രം പ്രവേശനം പൂർത്തിയായ ഒന്നാം സെമസ്റ്റർ യുജി, ഒന്നാം സെമസ്റ്റർ പിജി പരീക്ഷകൾ ഡിസംബർ ഒന്നാം ആഴ്ച നടത്തനാണ് തീരുമാനം. ഇത്തരത്തിൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ച സർവകലാശാല പാഠഭാഗങ്ങൾ പൂർത്തീകരിക്കുന്നതിന് അധ്യാപകരെ അനുവദിക്കാത്ത സ്ഥിതിവിശേഷമാണെന്ന് കെപിസിടിഎ കുറ്റപ്പെടുത്തി.