കോട്ടയം: മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം എംജി യൂണിവേഴ്സിറ്റി കലോത്സവത്തിനു കോട്ടയം വീണ്ടും ആതിഥ്യമരുളുന്നു. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് മൂന്നുവരെയാണ് കോട്ടയത്തു കലോത്സവം. തിരുനക്കര മൈതാനം പ്രധാന വേദിയാകും.
സിഎംഎസ് കോളജ്, ബസേലിയോസ് കോളജ്, ബിസിഎം കോളജ് എന്നിവിടങ്ങളിലായിരിക്കും മറ്റുവേദികള്‍. ഒമ്പതു വേദികളിലായി ഏഴു ദിവസം നടക്കുന്ന കലോത്സവത്തില്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ 375 കോളജുകളില്‍ നിന്നായി അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും.
ഇത്തവണ കലോത്സവത്തില്‍ 13 പുതിയ ഐറ്റങ്ങള്‍ കൂടിയെത്തുന്നുണ്ട്. വഞ്ചിപ്പാട്ട്, കുച്ചിപ്പുടി, മാപ്പിളപ്പാട്ട്, നാടന്‍പാട്ട്, പരിചമുട്ടുകളി, രംഗോളി, ചിത്ര, ശില്‍പ്പ നിര്‍മാണം, മെഹന്തി, കഥാരചന തമിഴ്, ഉപന്യാസ രചന തമിഴ്, കവിതാരചന തമിഴ്, പ്രസംഗം തിമിഴ്, പദ്യപാരായണം തമിഴ് എന്നി ഇനങ്ങളാണ് ഇത്തവണ ഉള്‍പ്പെടത്തിയിരിക്കുന്നത്.
കലോത്സവത്തിന്റെ വിജയകരമായ നടത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ബസേലിയസ് കോളജില്‍ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി. ബിന്ദു ഉദ്ഘാടനം ചെയ്യും.