കോയമ്പത്തൂര്‍: തുടര്‍ച്ചയായി നാലാം തവണയും അന്തര്‍ സര്‍വകലാശാലാ അത്ലറ്റിക് മീറ്റില്‍ വനിതാ കിരീടം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്ക്. 64 പോയിന്റ് നേടിയാണ് എംജി കിരീടം നിലനിര്‍ത്തിയത്. ഓവറോള്‍ രണ്ടാംസ്ഥാനവും എംജിക്കാണ് (114). പുരുഷ വിഭാഗം കിരീടം നേടിയ മാംഗളൂര് യൂണിവേഴ്സിറ്റി ഇതാദ്യമായി ഓവറോള്‍ ചാമ്പ്യന്മാരായി (178 പോയിന്റ്).
കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ പട്യാലയിലെ പഞ്ചാബി സര്‍വകലാശാല (112) മൂന്നാം സ്ഥാനത്തായി. വനിതാ വിഭാഗത്തില്‍ പഞ്ചാബി (62), മാംഗളൂര് (53) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പഞ്ചാബി (50), മദ്രാസ് (49) സര്‍വകലാശാലകളാണ് പുരുഷ വിഭാഗത്തിലെ രണ്ടും മൂന്നും സ്ഥാനക്കാര്‍.
പുരുഷവിഭാഗത്തില്‍ മാംഗളൂര് സര്‍വകലാശാലയിലെ ധരുണും, വനിതാ വിഭാഗത്തില്‍ പൂന സര്‍വകലാശാലയുടെ സഞ്ജീവനി ജാദവും മീറ്റിലെ മികച്ച അത്ലറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചു നാള് നീണ്ട അന്തര്‍ സര്‍വകലാശാല അത്ലറ്റിക് മീറ്റില്‍ പിറന്നത്ആകെ പത്തു മീറ്റ് റിക്കാര്‍ഡുകളാണ്.
രണ്ടു വര്‍ഷത്തിനു ശേഷമാണ് മേളയുടെ ചാമ്പ്യന്‍പട്ടം മാംഗളൂര് തിരിച്ചുപിടിയ്ക്കുന്നത്. ഓവറോള്‍ 178 പോയിന്റില്‍ 125 പോയിന്റും പുരുഷവിഭാഗത്തില്‍ നിന്നാണ്.
ഇന്റര്‍ വാഴ്സിറ്റി മീറ്റുകളില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തന്റെ നാലാം സ്വര്‍ണം നേടിയ മാംഗളൂര് യൂണിവേഴ്സിറ്റിയുടെ മലയാളി താരം അനു രാഘവന് ശ്രദ്ധാകേന്ദ്രമായി. 2013-14 കാലയളവില്‍ കാലിക്കട്ടിനു വേണ്ടിയും 2015-ല്‍ എംജിക്കു വേണ്ടിയുമായിരുന്നു അനുവിന്റെ സുവര്‍ണനേട്ടം. പാലക്കാട് ആലത്തൂര്‍ എരിമയൂര്‍ വടക്കുപുറം പരേതനായ രാഘവന്- സുജാത ദമ്പതികളുടെ മകളാണ്.
മൂന്നു മീറ്റ് റിക്കാര്‍ഡുകളാണ് മീറ്റിന്റെ അവസാനദിനത്തില്‍ പിറന്നത്. ഹര്‍ഡില്‍സില്‍ ധരുണിന്റെ റിക്കാര്‍ഡ് നേട്ടത്തിനു പിന്നാലെ മാംഗളൂരിന്റെ മലയാളിതാരം ശ്രീജിത് മോന് തകര്‍ത്തത് 13 വര്‍ഷം പഴക്കമുള്ള ട്രിപ്പില്‍ ജംപിലെ റിക്കാര്‍ഡ്. ഒളിമ്പ്യന്‍ രഞ്ജിത് മഹേശ്വരി (16.03 മീറ്റർ)യുടെ റിക്കാര്‍ഡാണ് ശ്രീജിത് മോന് (16.05 മീ) പഴങ്കഥയാക്കിയത്. ആലപ്പുഴ മുഹമ്മ രോഹിണി നിവാസില്‍ ഉദയഭാനു- ശ്രീകല ദമ്പതികളുടെ മകനാണ്.
പുരുഷന്മാരുടെ 4-400 മീറ്ററില്‍ 3:10.82 സമയം കുറിച്ച മദ്രാസ് യൂണിവേഴ്സിറ്റിയാണ് റിക്കാര്‍ഡിട്ട് സ്വര്‍ണം നേടിയത്. 2008-ല്‍ കാലിക്കട്ട് യൂണിവേഴ്സിറ്റി സ്ഥാപിച്ച (3:13.40) റിക്കാര്‍ഡാണ് വഴിമാറിയത്. ഈയിനത്തില്‍ ആദ്യം ഫിനിഷ് ചെയ്ത നാലു ടീമുകളും മുന്‍ റിക്കാര്‍ഡിനെ മറികടന്നുവെന്നതും ശ്രദ്ധേയമായി.
വനിതകള്‍ നേടിയ 84 പോയിന്റിന്റെ പിന്‍ബലത്തിലാണ് എംജി സര്‍വകലാശാല ഓവറോള്‍ റണ്ണേഴ്സ്-അപ് ആയത്. ഇന്നലെ ഒരു സ്വര്‍ണവും രണ്ടു വെങ്കലവുമായിരുന്നു എംജിയുടെ നേട്ടം. രണ്ടു വെള്ളിയും ഒരു വെങ്കലവുമാണ് കാലിക്കട്ടിന്റെ ഇന്നലത്തെ നേട്ടം. തന്റെ മികച്ച സമയവുമായി (1.20.52) ഹാഫ് മാരത്തണില്‍ വെള്ളി നേടിയ കാലിക്കട്ടിന്റെ എം.ഡി. താര പാലക്കാട് മേഴ്സി കോളജ് വിദ്യാര്‍ഥിനിയാണ്. പാലക്കാട് പറളി അയ്യര്‍മല മുട്ടിയില്തൊടി ദേവദാസ്- വസന്ത ദമ്പതികളുടെ മകളാണ്. വനിതകളുടെ 1500 മീറ്ററില്‍ കലിക്കട്ടിന്റെ ദേശീയതാരം പി.യു. ചിത്രയ്ക്കാണ് വെള്ളി. വനിതകളുടെ 4- 400 മീറ്ററിലാണ് കാലിക്കട്ടിന്റെ വെങ്കലനേട്ടം. ഒരു വെള്ളിയും ഒരു വെങ്കലവുമായിരുന്നു കേരള യൂണിവേഴ്സിറ്റിയുടെ ഇന്നലത്തെ നേട്ടം. വനിതകളുടെ ഹെപ്റ്റാത്തലണില്‍ നയന ജയിംസ് വെള്ളി നേടിയപ്പോള്‍ പുരുഷന്മാരുടെ 4-400 മീറ്ററിലായിരുന്നു വെങ്കലനേട്ടം.
എം.വി. വസന്ത്