കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല കലോത്സവത്തിൽ ഭരതനാട്യവേദിയെ പ്രകന്പനം കൊള്ളിച്ചിരിക്കുകയാണ് ട്രാൻസ്ജെൻഡർ തൻവി സുരേഷ്. ഇത്തവണത്തെ ട്രാൻസ്ജെൻഡർ വിഭാഗം ഭരതനാട്യ മത്സരത്തിൽ ഒന്നാം സ്ഥാനം രണ്ടു പേർ പങ്കിട്ടെടുത്തു.
തൃപ്പൂണിത്തുറ ആർഎൽവി കോളജ് ബിരുദ വിദ്യാർഥി തൻവി സുരേഷും, തേവര എസ്എച്ച് കോളജ് ബിരുദ വിദ്യാർഥി സിയയും.
നാല് മത്സരാർഥികളായിരുന്നു ഇത്തവണ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മാറ്റുരച്ചത്.2022 ലാണ് കലോത്സവങ്ങളിൽ ട്രാൻസ്ജെൻഡേഴ്സിന് പങ്കെടുക്കുന്നതിന് മഹാത്മാഗാന്ധി സർവകലാശാല അവസരം ഒരുക്കിയത്.
2022 ലാണ് സ്വന്തം സ്വത്വത്തിൽ ആദ്യമായി തൻവി മത്സരിച്ചത്. മൂന്നാമത്തെ വർഷമാണ് ഇപ്പോൾ തൻവി മത്സരിക്കുന്നത്. അരങ്ങിൽ കയറിയപ്പോഴെല്ലാം സമ്മാനമില്ലാതെ തൻവിക്ക് മടങ്ങി പോവേണ്ടി വന്നിട്ടില്ല. 2022 ലെ കലോത്സവത്തിലെ കലാപ്രതിഭ കൂടിയാണ് തൻവി. അഞ്ചാം ക്ലാസ് മുതൽ ഡാൻസ് പഠിക്കുന്നുണ്ട് തൻവി. ട്രാൻസ്ജെൻഡർ ഭദ്രയും, ഭർത്താവ് അമലുമാണ് തൻവിയുടെ ഗുരുക്കൻമാർ.