കോട്ടയം: കുംഭച്ചൂടിനെ വകവയ്ക്കാതെ അക്ഷരത്തറവാട്ടില്‍ യുവപ്രതിഭകളുടെ കലാസംഗമം. തിരുനക്കരയിലെ പ്രൗഢമായ വേദിയില്‍ ഇന്നലെ വൈകുന്നേരം കളിവിളക്ക് തെളിയിച്ചതോടെ എംജി വാഴ്സിറ്റി കലോത്സവത്തിനു തുടക്കമായി. ഇന്നലെ രാത്രി വൈകി ഒന്നാം വേദിയില്‍ ആരംഭിച്ച തിരുവാതിരകളിയും രണ്ടാം വേദിയിലെ കേരളനടനവും മൂന്നാം വേദിയിലെ കഥകളിയും നാലാം വേദിയിലെ ഭരതനാട്യമത്സരവും പുലര്‍ച്ചെയാണ് സമാപിച്ചത്.
ഭരതനാട്യം ട്രാന്‍സ്ജെൻഡർ വിഭാഗത്തില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ തന്വി സുരേഷും തേവര എസ്എച്ചിലെ പി. സിയാ പവലും ഒന്നാം സ്ഥാനം പങ്കിട്ടു. കഥകളിയില്‍ തൃപ്പൂണിത്തുറ ആല്‍എല്‍വി കോളജിലെ ഡി.എസ്. ആശ്വിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആദ്യദിനത്തിലെ മത്സരം കഴിഞ്ഞപ്പോള്‍ 10 പോയിന്റുമായി തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജാണ് മുന്നില്‍. എട്ടു പോയിന്റുമായി തേവര എസ്എച്ച് കോളജ് രണ്ടാമതും മൂന്നു പോയിന്റുമായി എറണാകുളം സെന്റ് തെരേസാസ് മൂന്നാം സ്ഥാനത്തുമുണ്ട്.
കലാകേരളത്തിന് അനേകം പ്രതിഭകളെ സമ്മാനിച്ച പാരമ്പര്യമുള്ള കോട്ടയത്ത് കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 215 കോളജുകളില്‍നിന്നായി ഏഴായിരത്തിലധികം വിദ്യാര്‍ഥികളാണ് കലാവിരുന്നുമായി എത്തുന്നത്.
തിരുനക്കര തേവരുടെ ഉത്സവത്തിരക്കിലെന്നപോലെ തിരുനക്കര മൈതാനം, സിഎംഎസ്, ബസേലിയോസ്, ബിസിഎം കോളജുകളിലെ വേദികളില്‍ ആസ്വാദകര്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. ഇനിയൊരാഴ്ച ചിലമ്പൊലിയും വാദ്യമേളങ്ങളും നൃത്തവും നാട്യവും സംഗീതവുമൊക്കെയായി നൂറിലേറെ ഇനം കലാവിഭവങ്ങള്‍ അസ്വദിക്കാം.
കലയുടെ കൈകൊട്ടുയര്ന്ന നഗരത്തിന് ഇനി രാപകല്‍ ഉറക്കമില്ല. മിക്കയിനങ്ങളിലും നൂറിലേറെപ്പേരാണ് തനിച്ചും ടീമായും പങ്കാളികളാകുന്നത്. ഇന്നലെ വൈകുന്നേരം തിരുനക്കരയ്ക്കു കസവുതിളക്കം സമ്മാനിച്ച തിരുവാതിര മത്സരം ഇന്നു പുലര്‍ച്ചയോളം നീണ്ടു. പന്ത്രണ്ടു മണിക്കൂറോളം ഒരേയിനത്തില്‍ ഒരേ അരങ്ങില്‍ ആവേശം തെല്ലും കുറയാത്ത മത്സരത്തിനാണ് കോട്ടയം സാക്ഷ്യം വഹിക്കുന്നത്.