കൊല്ലങ്കോട്: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടനുമായിരുന്ന എംജിആറിന്റെ വടവന്നൂരിലെ തറവാട്ടുവീടിന്റെ പുനർനിർമാണം തുടങ്ങി. ചെന്നൈ മുൻ എംഎൽഎ സൈതൈ ദൊരൈസ്വാമി നിർമാണപ്രവൃത്തികൾക്കു തുടക്കമിട്ടു.ചെന്നൈ മുൻ മേയർ കൂടിയായ ദൊരൈസ്വാമിക്കൊപ്പം മധുര കോർപറേഷൻ മുൻ ഡെപ്യൂട്ടി ചെയർമാൻ നവനീത കൃഷ്ണൻ, എഐഡിഎംകെ ഭാരവാഹികളായ കോവൈ മുരളി, പാണ്ഡ്യൻ എന്നിവർ ഇന്നലെ രാവിലെ പത്തിനാണ് വടവന്നൂർ കൗണ്ടത്തറയിലുള്ള എംജിആറിന്റെ അമ്മ സത്യഭാമയുടെ പേരിലുള്ള സത്യനിലയത്തിലെത്തിയത്.
നിലവിൽ ഇവിടെ പ്രവർത്തിക്കുന്ന അങ്കണവാടിയുടെ മേൽക്കൂരയുടെയും മറ്റു അനുബന്ധ ജോലികളും നടത്തും. കൂടാതെ വീടിന്റെ മുൻഭാഗത്തെ പ്രവേശന കവാടത്തിൽ തുറന്ന ഹാൾ നിർമിക്കും. തകർന്നുകിടക്കുന്ന കക്കൂസും പുനർനിർമിക്കും. വീടിനു പിറകിലുള്ള പാഴ്ചെടികൾ ശുചീകരിച്ച് ഈ സ്ഥലം ഉപയോഗപ്രദമാക്കും.
എട്ടു വിദ്യാർഥികളാണ് അങ്കണവാടിയിൽ പഠിക്കുന്നത്. കൂടുതൽ വിദ്യാർഥികൾക്കു പഠനത്തിന് ഉതകുന്ന വിധത്തിലാണ് കെട്ടിടം പുനർനിർമിക്കുന്നത്. വീടിന്റെ തെക്കുഭാഗത്തു പച്ചക്കറിയും മറ്റും വളർത്തി പൂന്തോട്ടമുണ്ടാക്കും.വീടിന്റെ മുൻഭാഗത്ത് എംജിആറിന്റെ ചിത്രങ്ങൾ ഉൾപ്പെുടുത്തി ലൈബ്രറി സ്ഥാപിക്കാനും ഉദ്ദേശ്യമുണ്ട്.
നിർമാണപ്രവൃത്തികൾ നിരീക്ഷിക്കാൻ ഇടയ്ക്കിടെ സ്ഥലം സന്ദർശിക്കുമെന്നു ദൊരൈസ്വാമി പറഞ്ഞു.വടവന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.രാജീവ്, കൗണ്ടത്തറ വിനോദ് എന്നിവരും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.