കൊല്ലങ്കോട്: വടവന്നൂർ എംജിആർ മ്യൂസിയം സന്ദർശിക്കുന്നതിനു നിരവധിപേരെത്തുന്നു. പാലക്കാടുള്ള മ്യൂസിയം ഉദ്ഘാടനം ചെയ്തത് മാധ്യമങ്ങളിൽ കണ്ടതോടെയാണ് തമിഴ്നാട്ടിൽനിന്നുള്ളവർ എംജിആറിന്റെ തറവാട്ടുഭവനത്തെക്കുറിച്ച് മനസിലാക്കിയത്. രണ്ടുമാസംമുന്പാണ് സംസ്ഥാന ഗവർണർ ജസ്റ്റീസ് സദാശിവം എംജിആർ മ്യൂസിയം ഉദ്ഘാടനം ചെയ്തത്.
സമീപ ജില്ലകളായ കോയന്പത്തൂർ, മധുര, നീലഗിരി ജില്ലകളിൽനിന്നുള്ളവരാണ് വാഹനങ്ങളിൽ കുടുംബസമേതം എംജിആർ ഭവനത്തിലേക്ക് എത്തുന്നത്. നീണ്ടകാലം സിനിമയിലും രാഷ്ട്രീയത്തിലും തമിഴ്നാട്ടുകാരുടെ മനംകവർന്ന മക്കൾ തിലകം എംജിആറിന്റെ മാതാപിതാക്കൾ വസിച്ച വീടിനെ ഏറെ ഭക്തിയോടെയാണ് ഇവർ കണ്ടു വണങ്ങുന്നത്.
മ്യൂസിയത്തിന്റെ പിൻഭാഗത്തെ കിണറ്റിൽ എംജിആറിന്റെ അമ്മ സത്യഭാമയുടെ പേരും കൊത്തിവച്ചിട്ടുണ്ട്. മ്യൂസിയം ഗൈഡാണ് സന്ദർശകർക്ക് വിവരങ്ങൾ പറഞ്ഞുകൊടുക്കുന്നത്. സ്കൂൾ അവധിക്കാലമായ ഏപ്രിൽ, മേയ് മാസങ്ങളിൽ സ്കൂൾ നിരവധി സന്ദർശകരാണ് വടവന്നൂരിലെത്തിയത്.
മ്യൂസിയത്തിനകത്തെ ഫോട്ടോ ഗാലറി, അങ്കണവാടി, തറവാട്ടു വീടിനകത്തെ എംജിആർ പ്രതിമ എന്നിവയെക്കുറിച്ചെല്ലാം മ്യൂസിയം സംരക്ഷിക്കുന്ന ഗൈഡ് മോഹനൻ വിവരം നല്കുന്നു. എംജിആറിന്റെ മാതാപിതാക്കളുടെ പ്രതിമയ്ക്ക് സമീപത്തുനിന്നും മൊബൈലുകളിൽ ചിത്രമെടുക്കുന്നവരും ഏറെയാണ്.എംജിആറിന്റെ ഭരണകാലത്താണ് ഇന്ത്യയിൽ ആദ്യമായി വിദ്യാർഥികൾക്കായി പോഷകാഹാരപദ്ധതി തുടങ്ങിയത്.