കൊല്ലങ്കോട്: വടവന്നൂർ സത്യഭാമ നിലയത്തിൽ എംജിആർ സ്മാരകമന്ദിര നിർമാണം അന്തിമഘട്ടത്തിൽ. ചെന്നൈയിലുള്ള സംഘടനയാണ് ചെടിത്തൂപ്പുകളും സംരക്ഷണമില്ലാതെ ഇഴജന്തുക്കൾ നിറഞ്ഞ വീടിനെ ആധുനികരീതിയിൽ സ്മാരകമന്ദിരമാക്കി നിർമിച്ചത്.
എംജിആറിന്റെ അമ്മ സത്യഭാമയുടെ പേരിലാണ് പന്ത്രണ്ട് സെന്റ് സ്ഥലവും വീടുമുള്ളത്. ചിതലരിച്ചു താമസയോഗ്യമല്ലാതായതോടെ ദീർഘകാലമായി ഇവിടെ താമസിച്ചിരുന്ന മീനാക്ഷിയും മാനസികാസ്വാസ്ഥ്യമുള്ള മകളും വർഷങ്ങൾക്കുമുന്പ് ബന്ധുവീട്ടിലേക്ക് മാറി. പിന്നീട് വീട് ആംഗൻവാടിയായി പ്രവർത്തിക്കുകയായിരുന്നു.
നവീകരിച്ച കെട്ടിടത്തിൽ ആംഗൻവാടി മുറി, പാർക്ക്, ശുചിമുറി, എംജിആർ മ്യൂസിയം, സന്ദർശക ഗാലറി എന്നിവയുടെ പണികൾ പൂർത്തിയായി. നവീകരിച്ച വീടിനുമുന്നിലായി എംജിആർ പ്രതിമയും സ്ഥാപിച്ചു. ഈമാസം അവസാനത്തോടെ സംസ്ഥാന ഗവർണറെയും തമിഴ്നാട്ടിൽനിന്നുള്ള എഐഡിഎംകെ നേതാക്കളെയും ഉൾപ്പെടുത്തി ഉദ്ഘാടനം നടത്താനുള്ള ശ്രമമാണ് നടക്കുന്നത്.
വീടിനു പിറകുവശത്തായി തകർന്നുകിടന്നിരുന്ന കിണറും പുനർനിർമിച്ചു സത്യവിലാസം എന്നുപേരു കൊത്തി നിറം അടിച്ച് നവീകരിച്ചു. തമിഴ്നാട് മുൻമുഖ്യമന്ത്രിയായ എംജിആർ മ്യൂസിയം എന്ന പേരിലാണ് ഇവിടം നാമകരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഏകദേശം നൂറുവർഷങ്ങൾക്കു മുന്പാണ് എംജിആറിന്റെ അമ്മ സത്യഭാമയും കുടുംബവും വടവന്നൂരിൽ താമസിച്ചിരുന്നത്.
ഇവിടെനിന്നും ഉപജീവനമാർഗം തേടി സത്യഭാമയും കുടുംബവും ശ്രീലങ്കയിലേക്ക് പുറപ്പെട്ടു. പിന്നീട് ചെന്നൈയിലെത്തിയ എംജിആർ കുടുംബം ഇവിടത്തെ താമസക്കാർക്കു സാന്പത്തിക സഹായം നല്കിയിരുന്നെങ്കിലും പിന്നീട് ഇവിടേയ്ക്ക് എത്തിയിരുന്നില്ല.
എംജിആറിന്റെ സഹോദരൻ എം.ജി.ചക്രപാണി രണ്ടുതവണ കൊല്ലങ്കോട്ട സത്യഭാമ ഭവനം സന്ദർശിച്ചിരുന്നു. എംജിആർ മ്യൂസിയം വടവന്നൂരിൽ ഉദ്ഘാടനം ചെയ്യുന്നതോടെ ജില്ലയിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന സന്ദർശക കേന്ദ്രമാകും. വടവന്നൂർ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റിഹാളിനു എംജിആർ കല്യാണമണ്ഡപം എന്നും നാമകരണം ചെയ്തു.
തമിഴ്നാട് മുൻമുഖ്യമന്ത്രി എം.കരുണാനിധി എംജിആറിനെ മലയാളിയെന്ന് അധിക്ഷേപിച്ചതിനു കാരണം വടവന്നൂരിലുള്ള സത്യവിലാസം ഭവനത്തെ സൂചിപ്പിച്ചായിരുന്നു എന്നതും ശ്രദ്ധേയമാണ്.