കൊച്ചി: തൊടുപുഴ മുൻ സിഐയും നിലവിൽ കോട്ടയം ക്രൈംബ്രാഞ്ച് സിഐയുമായ എൻ.ജി.ശ്രീമോനെ സസ്പെൻഡ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു.
കേസുകളിൽ വ്യാപകമായി ഇടപെട്ട് ഇയാൾ പരാതിക്കാരെ പീഡിപ്പിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി.
ഇടുക്കി സ്വദേശി ബേബിച്ചൻ വർക്കി നൽകിയ പരാതി പരിഗണിച്ച് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
30 ഓളം പരാതികളിൽ കോടതി വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം അടിയന്തരമായി നടത്താൻ വിജിലൻസ് ഐജി എച്ച്.വെങ്കിടേഷിന് കോടതി നോട്ടീസ് നൽകി.
സിഐക്കെതിരേ കടുത്ത വിമർശനമാണ് ഹൈക്കോടതി നടത്തിയത്. ഇത്തരം ഉദ്യോഗസ്ഥർ സമൂഹത്തിന് ഭീഷണിയാണെന്ന് നിരീക്ഷിച്ച കോടതി ഒരു നിമിഷം പോലും ഇയാളെ സർവീസിൽ ഇരുത്തരുതെന്നും നിരീക്ഷിച്ചു.