കോട്ടയം: രാവിലെ യൂണിവേഴ്സിറ്റിയിലെത്തി രജിസ്റ്ററിൽ ഒപ്പിട്ട ശേഷം സമ്മേളനത്തിനു പോകാമെന്ന വിചിത്ര ഉത്തരവുമായി എംജി യൂണിവേഴ്സിറ്റി. സിപിഎം അനുകൂല സംഘടനയായ എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ വാർഷിക സമ്മേളനത്തിനു പോകാൻ ജീവനക്കാർക്കായി ഇറക്കിയ ഉത്തരവാണ് വിവാദമായിരിക്കുന്നത്.
അസോസിയേഷനിൽ അംഗങ്ങളായ മുഴുവൻ ജീവനക്കാർക്കും സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയാണ് സർവകലാശാല ഉത്തരവിറക്കിയത്.
രാവിലെയും വൈകുന്നേരവും ഒപ്പിട്ട ശേഷം കാന്പസിൽതന്നെ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാമെന്ന വിചിത്ര നിർദേശമാണ് ഉത്തരവിൽ നൽകിയിരിക്കുന്നത്.
27,28 തീയതികളിൽ നടക്കുന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ വാർഷികസമ്മേളനത്തിൽ പങ്കെടുക്കാൻ മഹാത്മാഗാന്ധി എംപ്ലോയീസ് അസോസിയേഷന്റെ എല്ലാ അംഗങ്ങൾക്കും അനുവാദം നൽകിയത് രജിസ്ട്രാറാണ്.
സമ്മേളനത്തിൽ പങ്കെടുക്കുന്നവർ പതിവുപോലെ രാവിലെയും വൈകുന്നേരവും ഹാജർ രേഖപ്പെടുത്തേണ്ടതാണെന്നുമാണ് അസിസ്റ്റന്റ് രജിസ്ട്രാർ ഒന്ന് (ഭരണവിഭാഗം) ആർ. പ്രേംകുമാർ സർക്കുലർ ഇറക്കിയിരിക്കുന്നത്.
എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ രജിസ്ട്രാറുടെ ഉത്തരവ് സഹിതമാണ് സർക്കുലർ. ജീവനക്കാർ കൂട്ടത്തോടെ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതോടെ യൂണിവേഴ്സിറ്റിയുടെ പ്രവർത്തനം താളം തെറ്റി.
ഇന്നലെ രാവിലെ നടന്ന സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീലാണ് ഉദ്ഘാടനം ചെയ്തത്. സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ, കെ. സുരേഷ്കുറുപ്പ് എംഎൽഎ, സിൻഡിക്കറ്റംഗം പി.കെ. ഹരികുമാർ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. ഇന്നു പ്രതിനിധി സമ്മേളനം മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. സതീദേവി ഉദ്ഘാടനം ചെയ്യും.