കോട്ടയം: എംജി യൂണിവേഴ്സിറ്റി കലോത്സവത്തിനു നാളെ കൊടിയിറക്കം. അക്ഷരനഗരിക്ക് ഉറങ്ങാത്ത രാവ് ഇന്നു മാത്രം. കളര്ഫുള്ളായ കാമ്പസുകളും ആവേശം നിറഞ്ഞ വേദികളും രാത്രിയെ പകലാക്കി മാറ്റുകയാണ്. കലോത്സവം തുടങ്ങിയതു മുതല് കൊച്ചി കോളജുകള് സമ്പൂര്ണ ആധിപത്യം തുടരുകയാണ്.
55 പോയിന്റുമായി തേവര എസ്എച്ച് കോളജ് ആണ് മുന്നിൽ. 53 പോയിന്റുമായി ആര്എല്വിക കോളജ് തൃപ്പുണിത്തുറ തൊട്ടുപിന്നിലുണ്ട്. നാലാം സ്ഥാനത്തായിരുന്ന മഹാരാജസ് കോളജ് 49 പോയിന്റുമായി മൂന്നാമതെത്തി. പിന്നിലായിരുന്ന മുന് ചാമ്പ്യന്മാര് കൂടിയായ മഹാരാജാസിനെ രണ്ടു ദിവസത്തെ മത്സരഫലങ്ങളാണ് മുന്നോട്ടെത്തിച്ചത്.
രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സെന്റ് തെരാസാസ് നാലാം സ്ഥാനത്തൊണ്. അതിഥേയരായ കോട്ടയം സിഎംഎസ് കോളജ് 17 പോയിന്റുമായി ഏഴാമതുണ്ട്. തിരുനക്കര മൈതാനിയിലെ വേദിയില് ഇന്നു വൈകുന്നേരം നാലിന് ആവേശം നിറയുന്ന മാര്ഗംകളി അരങ്ങേറും.
മൂന്നിനു കലോത്സവം സമാപിക്കും. സമാപന ദിവസം ബാന്റ് ഉള്പ്പെടെയുളള സംഗീതനിശ ഒരുക്കിയാണ് കലോത്സവത്തെ സംഘാടകര് യാത്രയാക്കാനൊരുങ്ങുന്നത്.