നിയാസ് മുസ്തഫ
മഹാരാഷ്ട്രയിൽ ശിവസേനയെ കൂടെക്കൂട്ടുന്ന കാര്യത്തിൽ കോൺഗ്രസ് ഇടഞ്ഞുനിൽക്കുന്നു. സംസ്ഥാനത്തെ എംഎൽഎമാരും കോൺഗ്രസ് നേതൃത്വവും ശിവസേനയുമായി കൂട്ടുകൂടുന്നതിൽ സമ്മതമാണെന്ന് അറിയിച്ചെങ്കിലും കോൺഗ്രസിന്റെ പല ദേശീയനേതാക്കളും ഇതിനെതിരാണ്.
ശിവസേനയുമായി കൂട്ടുകൂടുന്നത് താൽക്കാലിക നേട്ടമുണ്ടാക്കാമെങ്കിലും ദീർഘകാലത്തേക്ക് അതു ഗുണം ചെയ്യില്ലായെന്നാണ് അവരുടെ നിലപാട്. പല സംസ്ഥാനങ്ങളിലെയും കോൺഗ്രസ് ഘടകങ്ങളും എതിർപ്പുമായി രംഗത്തുവന്നിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വ്യക്തിപരമായി ശിവസേനയുമായി കൂട്ടുകൂടുന്നതിന് താല്പര്യം കാട്ടുന്നില്ല.
ബിജെപിക്കും ശിവസേനയ്ക്കും പിന്നാലെ മൂന്നാമത്തെ ഏറ്റവും വലിയ കക്ഷിയായ എൻസിപിയെ ഗവർണർ ഭഗത് സിംഗ് കോഷിയാരി സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിരിക്കുകയാണ് ഇപ്പോൾ. ഇന്നു രാത്രി എട്ടര വരെയാണ് എൻസിപിക്ക് സർക്കാർ രൂപീകരിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. എൻസിപി സർക്കാർ രൂപീകരിക്കാനുള്ള ശ്രമം സജീവമാക്കിയിട്ടുണ്ട്. കോൺഗ്രസിനെ എങ്ങനെയും വരുതിയിലാക്കുക എന്നതാണ് എൻസിപിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതു സംബന്ധിച്ച് എൻസിപി-കോൺഗ്രസ് ചർച്ചകൾ മുംബൈ കേന്ദ്രീകരിച്ചും ന്യൂഡൽഹി കേന്ദ്രീകരിച്ചും നടന്നുവരികയാണ്.
പക്ഷേ കോൺഗ്രസ് എൻസിപിക്ക് പച്ചക്കൊടി കാട്ടാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ലഭിക്കുന്ന സൂചന. അങ്ങനെയെങ്കിൽ അടുത്ത ഊഴമെന്ന നിലയിൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസിനെ ഗവർണർ സാങ്കേതികമായി ക്ഷണിച്ചേക്കാം. ഇല്ലെങ്കിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് ഗവർണർ ശിപാർശക്കത്ത് നൽകിയേക്കും. അങ്ങനെ വന്നാൽ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങും.
ശിവസേനയുമായി കൂട്ടുകൂടിയാൽ പല സംസ്ഥാനത്തും കോൺഗ്രസുമായി ഇപ്പോൾ അടുത്തുനിൽക്കുന്ന കക്ഷികൾ അകലാൻ സാധ്യതയുണ്ടെന്നതാണ് കോൺഗ്രസ് ഭയക്കുന്നത്. ഇതോടൊപ്പം ന്യൂനപക്ഷ വിഭാഗങ്ങളും കോൺഗ്രസുമായി അകലും. മാത്രവുമല്ല, തീവ്ര ഹിന്ദുത്വ, പ്രാദേശിക നിലപാടുകളുള്ള ശിവസേനയുമായി കൂടുന്നത് കോൺഗ്രസിന്റെ ആശയങ്ങളുമായി യോജിക്കുന്നില്ലായെന്നതും പ്രശ്നമാണ്. ഇരു ധ്രുവങ്ങളിലും ആശയങ്ങളിലും വിശ്വസിക്കുന്ന രണ്ടു പാർട്ടികൾ തമ്മിൽ എങ്ങനെ യോജിച്ചു മുന്നോട്ടു പോകുമെന്നത് കോൺഗ്രസ് കുഴയ്ക്കുന്നുണ്ട്.
ഇതോടൊപ്പം ശിവസേനയുമായി കൂട്ടുകൂടിയില്ലെങ്കിൽ സംസ്ഥാനത്തെ കോൺഗ്രസിന്റെ ഭാവിയെക്കുറിച്ചും ഹൈക്കമാൻഡ് ആശങ്കയിലാണ്. മറ്റൊരു തെരഞ്ഞെടുപ്പ് വന്നാൽ ഇപ്പോൾ കിട്ടിയ 44 സീറ്റ് കോൺഗ്രസിനു ലഭിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. സംസ്ഥാനത്ത് കോൺഗ്രസിന്റെ സംഘടന സംവിധാനം അത്ര മെച്ചമല്ല. എൻസിപിയുടെ സ്വാധീനവും ഭരണവിരുദ്ധ വികാരവുമെല്ലാം അനുകൂലമായതോടെയാണ് ശ്രദ്ധേയമായ പ്രചാരണങ്ങളൊന്നും നടക്കാഞ്ഞിട്ടുപോലും ഇത്രയും സീറ്റ് കോൺഗ്രസിനു കിട്ടിയത്.
അതേസമയം, കരയ്ക്കുനിന്ന് കളി കാണുകയാണ് ബിജെപി ഇപ്പോൾ. സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോകണമെന്നാണ് ബിജെപിയുടെ ആഗ്രഹം. ഇനിയൊരു തെരഞ്ഞെടുപ്പ് വന്നാൽ കൂടുതൽ സീറ്റുകൾ നേടി അധികാരം ഉറപ്പിക്കാനാവുമെന്ന വിശ്വാസമാണ് ബിജെപിക്കുള്ളത്.
എന്നാൽ, സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോയാൽ ഏറ്റവും നഷ്ടമുണ്ടാവുക ശിവസേനയ്ക്കാവും. കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന അവസ്ഥ. എൻഡിഎയുമായുള്ള ബന്ധം അവസാനിപ്പുകയും ചെയ്തു, കേന്ദ്ര മന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു, മഹാരാഷ്ട്ര മുഖ്യമന്ത്രി ആകാൻ കഴിഞ്ഞതുമില്ല. പത്തിമടക്കി ബിജെപി പാളയത്തിലേക്ക് മടങ്ങിപ്പോവുക, അല്ലെങ്കിൽ ഒറ്റപ്പെട്ട് സ്വന്തമായി ഇരിപ്പിടം കണ്ടെത്തി മുന്നോട്ടുപോകുക എന്നൊരു മാർഗമേ ഇനി ശിവസേനയ്ക്കു മുന്നിൽ ഉള്ളൂ.