കോട്ടയം: മദ്യലഹരിയിൽ പിതാവ് റോഡിലേക്ക് വലിച്ചെറിഞ്ഞ ഒന്നര വയസുകാരൻ സുഖം പ്രാപിച്ചു വരുന്നു. കോട്ടയം മെഡിക്കൽ കോളജിനോടനുബന്ധിച്ചുള്ള കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ സിടി സ്കാൻ എടുക്കാനായി ഇന്നു രാവിലെ ഡോക്ടർ കുറിച്ചു നല്കി.
തലയ്ക്കേറ്റ മുറിവ് ആന്തരിക അവയവങ്ങളെ തകരാറിലാക്കിയിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിനാണ് സിടി സ്കാൻ ചെയ്യുന്നത്. കുട്ടിയുടെ ഇടതു കൈ ഒടിഞ്ഞു. മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല. കുട്ടിയുടെ അമ്മയാണ് ഒപ്പമുള്ളത്. ആദിവാസി കുട്ടി എന്ന നിലയിൽ ഏറെ പരിഗണന നല്കിയാണ് ചികിത്സിക്കുന്നതെന്ന് ഐസിഎച്ച് ആർഎംഒ ഡോ.കെ.പി.ജയപ്രകാശ് പറയുന്നത്.
കുട്ടികളുടെ ആശുപത്രി തീർവ്ര പരിചരണ വിഭാഗത്തിലാണ് കുട്ടി ഇപ്പോഴും കഴിയുന്നത്. എടുത്തെറിഞ്ഞതു മൂലമുണ്ടായ വീഴ്ചയിലാണ് തലയ്ക്കുള്ളിൽ മുറിവും ഇടത് കൈ ഒടിയുകയും ചെയ്തത്. പോഷകാഹാരക്കുറവുള്ള കുട്ടിയെന്ന നിലയിലും പ്രത്യേകശ്രദ്ധ നൽകുന്നുണ്ടെന്നും ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു
. കുട്ടിയുടെ പിതാവ് വിനോദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു. വിഷം കഴിച്ച നിലയിലാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പോലീസ് നിരീക്ഷണത്തിലാണ് വിനോദ്.