നിയാസ് മുസ്തഫ
മഹാരാഷ്ട്രയിൽ ശിവസേന-എൻസിപി-കോൺഗ്രസ് ത്രികക്ഷി സർക്കാർ വരുന്നതിന് പ്രധാന തടസം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വേണോ, വേണ്ടയോ എന്ന മനസായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും എന്‍സിപി നേതാവ് ശരത് പവാറും തമ്മിൽ കൂടിക്കാഴ്ച നടന്നതിനു പിന്നാലെ ശിവസേനയുമായി കൂട്ടുകൂടാമെന്ന നിലപാടിലേക്ക് സോണിയ ഗാന്ധി വളരെ വേഗത്തി ലെത്തിയത് ശ്രദ്ധേയമായി.
എൻസിപി ബിജെപിയുമായി അടുക്കുമോയെന്ന ഭയമാണ് സോണിയയെ വേഗത്തിൽ നിലപാടെടുക്കാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ ദിവസം രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എൻസിപിയെ പുകഴ്ത്തി സംസാരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നരേന്ദ്രമോദി-ശരത് പവാർ കൂടിക്കാഴ്ച നടന്നത്.
കർഷകരുടെ പ്രശ്നങ്ങളാണ് കൂടിക്കാഴ്ചയ്ക്ക് അടിസ്ഥാനമെന്ന് എൻസിപി പറയുന്പോഴും കൂടിക്കാഴ്ചയുടെ രാഷ്ട്രീയ മാനങ്ങൾ വളരെ വലുതാണ്. ശിവസേനയെ മെരുക്കാൻ ശ്രമിക്കുന്ന ബിജെപി നേതൃത്വം സർക്കാരുണ്ടാക്കാൻ എന്‍സിപി നേതാക്കളുമായി സമാന്തര ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ വരികയും ചെയ്തിരുന്നു. ബിജെപിക്ക് എൻസിപിയെ കൂടെക്കൂട്ടിയാൽ മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാം. ഈ സാധ്യതയ്ക്കായി ബിജെപി ശ്രമിച്ചിരുന്നു.
ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാർ മഹാരാഷ്ട്രയിൽ വരാൻ ചുക്കാൻ പിടിച്ചത് ശരത് പവാറാണ്. പക്ഷേ കോൺഗ്രസ് ഈ വിഷയത്തിൽ മെല്ലെപ്പോക്ക് സമീപനം തുടരുകയായിരുന്നു. കോൺഗ്രസിന്റെ മെല്ലെപ്പോക്കിൽ ശിവസേനയ്ക്കും എന്‍സിപിക്കും അതൃപ്തിയുമുണ്ടായിരുന്നു. ഇതോടൊപ്പം സർക്കാർ രൂപീകരിക്കാൻ വൈകുന്നതിലുള്ള പ്രതിഷേധം ശിവസേന എംഎൽഎമാരും പ്രകടിപ്പിച്ചു. കോൺഗ്രസിന് സമ്മതമല്ലെങ്കിൽ ബിജെപിയുമായി അടുക്കണമെന്നു തന്നെ ചില എംഎൽഎമാർ വാശിയും പ്രകടിപ്പിച്ചിരുന്നു.
ഈ സാഹചര്യത്തിൽ നടന്ന മോദി-പവാർ കൂടിക്കാഴ്ച സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിയെ തന്നെ മാറ്റി മറിച്ചിരിക്കുകയാണ്. സർക്കാരുണ്ടാക്കാൻ വൈകിയാൽ ശിവസേനയേയും കോൺഗ്രസിനേയും ഫലത്തിൽ അത് ബാധിക്കും. കോൺഗ്രസ് മഹാരാഷ്ട്ര ഘടകവും എംഎൽഎമാരും ശിവസേനയുമായി കൂട്ടുകൂടാനാണ് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്തായാലും ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാർ ഉടൻ അധികാരത്തിലെത്തുമെന്നു തന്നെയാണ് ഇപ്പോഴത്തെ സൂചനകൾ.
ശിവസേന അഞ്ചു വർഷം മുഖ്യമന്ത്രി പദത്തിൽ തുടരുമെന്നായിരുന്നു ഇതുവരെയുള്ള നിലപാട്. ഈ നിലപാടിൽ മാറ്റം വന്നേക്കും. മുഖ്യമന്ത്രി പദം ശിവസേനയും എൻസിപിയും പങ്കുവച്ചേക്കും. 42അംഗ മന്ത്രിസഭയായിരിക്കും വരിക. ശിവസേന-16, എന്‍സിപി-14, കോൺഗ്രസ്-12 എന്നിങ്ങനെയാണ് മന്ത്രിമാരെ വീതം വയ്ക്കുന്നത്. സ്പീക്കർ പദവി കോൺഗ്രസിനായിരിക്കും. രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാവും. ഒന്ന് കോൺഗ്രസിനായിരിക്കും. മറ്റൊന്ന് മുഖ്യമന്ത്രി പദത്തിൽ വരാത്ത പാർട്ടിക്കും ആയിരിക്കും. നാളെ ശിവസേന എംഎൽഎമാരുടെ യോഗം ഉദ്ധവ് താക്കറെ വിളിച്ചിട്ടുണ്ട്.