കുന്നമംഗലം: യുവതിയുടെ ഫോണ്‍ കോള്‍ രേഖകള്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ ഭര്‍ത്താവിനു ചോര്‍ത്തി നല്‍കിയതാണ് ആരോപണം.
കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഔദ്യോഗിക ആവശ്യത്തിനാണെന്ന വ്യാജേന സൈബര്‍ സെല്‍ വഴി കോള്‍ ഡീറ്റൈറില് റിപ്പോര്‍ട്ട് (സിഡിആര്‍ ) ചോര്‍ത്തിയതായി പരാതിയുള്ളത്.
സിഡിആർ കൈമാറി
സൈബര്‍ സെല്ലില്‍നിന്നു ലഭിച്ച സിഡിആര്‍ പോലീസ് ഉന്നതൻ യുവതിയുടെ ഭര്‍ത്താവിനു കൈമാറുകയും ഭര്‍ത്താവ് ഈ രേഖകള്‍ മറ്റുള്ളവര്‍ക്കു നല്‍കുകയും ചെയ്തുവെന്നാണ് ആരോപണം.
ഫോണ്‍ കോള്‍ വിവരങ്ങള്‍ ചോര്ന്നതറിഞ്ഞതോടെ യുവതി മലപ്പുറം ജില്ലാ പോലീസ് മേധാവിയെ സമീപിക്കുകയായിരുന്നു.
പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ മലപ്പുറം എസ്പി ഉത്തര മേഖലാ ഐജിക്കും ഡിജിപിക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു .
പരാതിയുമായി യുവതി
ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. പൊന്നാനി സ്വദേശിയായ യുവതി മലപ്പുറം പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് പോലീസിനുള്ളില്‍ നിന്നു സിഡിആര്‍ ചോര്‍ന്നുവെന്ന വിവരം പുറത്തറിയുന്നത്.
യുവതിയുടെ ഭര്‍ത്താവ് വിദേശത്താണുള്ളത്. ഇയാളുടെ സുഹൃത്തായ കോഴിക്കോട് സിറ്റിയിലെ പോലീസ് ഉന്നതനോടു ഭാര്യയുടെ സിഡിആര്‍ നല്കാന് ആവശ്യപ്പെടുകയായിരുന്നു.
തന്ത്രത്തിൽ വാങ്ങി
അന്വേഷണത്തിന്റെ ഭാഗമായല്ലാതെ സൈബര്‍ സെല്ലില്‍നിന്നു സിഡിആര്‍ പോലീസുദ്യോഗസ്ഥര്‍ക്കു ലഭിക്കാറില്ല.
സിഡിആര്‍ ലഭിക്കുന്നതിനു കമ്മീഷണറുടെ അനുമതിയും ആവശ്യമാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ തൊട്ടുമുകളിലുള്ളവര്ക്ക് അപേക്ഷ നല്‍കുകയും ഒടുവില്‍ കമ്മീഷണറുടെ അനുമതിയോടെ മൊബൈല്‍ കമ്പനികള്‍ക്ക് ഫോണ്‍ നമ്പറിന്റെ വിവരങ്ങള്‍ നല്‍കണമെന്നു സൈബര്‍ സെല്‍ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്.
ഇപ്രകാരം ചേവായൂരില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലെ പ്രതികളുടെ സിഡിആര്‍ എടുക്കുന്നതിനൊപ്പം യുവതിയുടെ ഫോണ്‍ കോളുകള്കൂടി ഉള്‍പ്പെടുത്തി കമ്മീഷണറുടെ അനുമതി വാങ്ങിയെന്നാണ് വിവരം.
അന്വേഷണത്തിന്റെ ഭാഗമായതിനാല്‍ സൈബര്‍ സെല്ലില്‍നിന്ന് ഈ ഉദ്യോഗസ്ഥൻ നിര്‍ദേശിച്ച പ്രകാരം എല്ലാ നമ്പറുകളുടെയും വിവരങ്ങള്‍ കൈമാറുകയും ചെയ്തു.
സുഹൃത്ത് പ്രചരിപ്പിച്ചു
ഈ വിവരങ്ങള്‍ പോലീസ് ഉന്നതൻ യുവതിയുടെ ഭര്‍ത്താവിന് അയച്ചു നല്‍കിയെന്നാണ് ആക്ഷേപം.
ഭര്‍ത്താവ് ഫോണ്‍ കോള്‍ വിവരം പരിശോധിക്കുകയും ചില ഫോണ്‍ കോളുകളില്‍ സംശയമുന്നയിച്ചു യുവതിയുടെ ബന്ധുക്കള്‍ക്ക് അയച്ചു നല്കി.
ഫോണ്‍ കോള്‍ ചോര്ന്നതറിഞ്ഞതോടെ യുവതി മലപ്പുറം എസ്പിയെ സമീപിക്കുകയായിരുന്നു. പോലീസില്‍നിന്നു തന്നെയാണ് സിഡിആര്‍ പുറത്തായതെന്നുപ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട മലപ്പുറം പോലീസ് കോഴിക്കോട് സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരില്‍നിന്നു വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
തുടര്‍ന്ന് പോലീസ് ഉന്നതനെതിരേ റിപ്പോര്‍ട്ട് തയാറാക്കുകയുമായിരുന്നു. അതേസമയം, പോലീസ് ആസ്ഥാനത്തു ലഭിച്ച റിപ്പോര്ട്ടിന്മേല് അന്വേഷണം ആരംഭിച്ചതായാണ് വിവരം.