മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ട്വൽത് മാൻ(പന്ത്രണ്ടാമൻ) എന്നാണ് ചിത്രത്തിന്റെ പേര്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുന്പാവൂരാണ് നിർമാണം.നിഗൂഢത നിറഞ്ഞ ഒരു വീടിന്റെ പശ്ചാത്തലത്തിലാണ് ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
വീടിന് അകത്തുള്ള 11 പേരുടെ രൂപവും അവിടേക്ക് നടന്ന് എത്തുന്ന മോഹൻലാലിന്റെ രൂപവും പോസ്റ്ററിൽ കാണാം.
കെ.ആർ. കൃഷ്ണ കുമാർ ആണ് തിരക്കഥ.നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന സസ്പെൻസ് നിറഞ്ഞ ചിത്രമാകും ഈ പ്രോജക്ടെന്ന് ജീത്തു ജോസഫ് പറയുന്നു.
ചിത്രീകരണം തുടങ്ങാൻ ഗവണ്മെന്റിന്റെ ഒൗദ്യോഗിക ഉത്തരവിനായി കാത്തിരിക്കുകയാണ്. സിനിമയുടെ തിയറ്റർ റിലീസിന്റെ സാധ്യത തള്ളിക്കളയാനാകില്ല.
സാഹചര്യങ്ങൾ ഒത്തുവന്നാൽ ചിത്രം തിയറ്റർ റിലീസ് ആയിരിക്കുമെന്നും ജീത്തു വ്യക്തമാക്കി. 4 മണിക്കൂറുകൾക്കുള്ളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
താരനിർണയം നടന്നുവരുകയാണ്. തൊടുപുഴയാണ് പ്രധാന ലൊക്കേഷൻ. കോവിഡ് നിയന്ത്രണങ്ങളോടെ ഒറ്റ ലൊക്കേഷനിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് പദ്ധതി.
അതുകൊണ്ട് തന്നെ ചുരുക്കം ചില അഭിനേതാക്കൾ മാത്രമാകും സിനിമയിൽ പ്രത്യക്ഷപ്പെടുക.
സിനിമയിൽ പാട്ടുകളും ഉണ്ടാകില്ല. ദൃശ്യം 2വിന്റെ പിന്നിൽ പ്രവർത്തിച്ച സാങ്കേതിക പ്രവർത്തകർ ഈ ചിത്രത്തിലും അണിനിരക്കും.