കോട്ടയം: കോട്ടയം നഗരത്തിലെ ഏറ്റവും പഴക്കമുള്ള ഹോട്ടൽ ന്യൂ ആനന്ദമന്ദിരത്തിനും താഴു വീണു. 98 വർഷമായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഹോട്ടലിനാണ് ലോക്ഡൗണോടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നത്.
തിരുനക്കര മഹാദേവ ക്ഷേത്രത്തിനുസമീപം സ്ഥിതിചെയ്യുന്ന ഹോട്ടലിലെ വെജിറ്റേറിയൻ വിഭവങ്ങൾ ഏറെ പേരുകേട്ടതായിരുന്നു. 16.5 സെന്റ് സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ഹോട്ടൽ 1923ൽ കൊടുപ്പണ്ണ സ്വദേശിയായ വേലായുധൻ പിള്ളയാണ് ആരംഭിച്ചത്.
ആദ്യ പേര് എസ്എൻവി എന്നായിരുന്നു. തുടക്കത്തിൽ വാടകക്കെട്ടിടമായിരുന്നു. പിന്നീട് 1970ൽ വേലായുധന്റെ മരുമകൻ ഗോപാലപിള്ള ഇതു വാങ്ങുകയും 1990ൽ ഹോട്ടലിനു ന്യൂ ആനന്ദമന്ദിരം എന്ന് പേരു നല്കുകയും ചെയ്തു.
സംസ്ഥാനത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ്. നന്പൂതിരിപ്പാട്, മുൻ മുഖ്യമന്ത്രിയും സിപിഐ നേതാവുമായ പി.കെ. വാസുദേവൻ നായർ, എസ്. കുമാരൻ തുടങ്ങിയ പ്രമുഖർ കോട്ടയത്ത് എത്തുന്പോൾ ഇവിടെനിന്നുമാണ് ഭക്ഷണം കഴിച്ചിരുന്നത്.
1970ൽ കോട്ടയം പ്രസ് ക്ലബ് സ്ഥാപിക്കുന്നതുവരെ മാധ്യമപ്രവർത്തകർ ഒത്തുചേർന്നിരുന്നതും ഇവിടെയായിരുന്നു. അവർക്കായി ഒരു മുറിയും ഹോട്ടലിൽ ഉണ്ടായിരുന്നു.
സാഹിത്യകാരൻമാരായ എസ്.കെ. പൊറ്റെക്കാട്, തകശി ശിവശങ്കരപിള്ള, പി. കേശവദേവ് തുടങ്ങിയവർ നഗരത്തിലെ സാഹിത്യപ്രവർത്തക സഹകരണസംഘത്തിൽ യോഗങ്ങളിൽ പങ്കെടുക്കുന്പോൾ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കഴിച്ചിരുന്നത് ആനന്ദമന്ദിരത്തിൽ നിന്നായിരുന്നു.
ഉച്ചഭക്ഷണത്തിനുശേഷം ആളുകൾക്ക് വിശ്രമിക്കാൻ കഴിയുന്ന ഒരു മുറിയും റെസ്റ്ററന്റിൽ ഒരുക്കിയിരുന്നു.
പ്രവർത്തനം ആരംഭിച്ചപ്പോൾ മുതൽ രണ്ടു മണിക്കൂറിനുള്ളിൽ അവസാനിക്കുന്ന ഉച്ചഭക്ഷണമായിരുന്നു ആനന്ദമന്ദിരത്തിന്റെ പ്രധാന ആകർഷണം. ഉച്ചഭക്ഷണ സമയത്ത് പ്രതിദിനം 400 ഭക്ഷണമെങ്കിലും നൽകും.
ആദ്യകാലങ്ങളിൽ റെസ്റ്ററന്റിൽ ഉപയോഗിച്ചിരുന്ന അരി കുട്ടനാട്ടിലെ കൊടുപ്പുന്നയിൽ വേലായുധൻ പിള്ളയുടെ കുടുംബത്തിലെ നെൽവയലുകളിൽനിന്നു കൊണ്ടുവരികയായിരുന്നു.
പിന്നീട് കുടുംബം തിരുവാതുക്കലിലേക്കു താമസം മാറ്റുന്പോൾ അടുക്കളയിൽ ആവശ്യമായ വസ്തുക്കളും വീട്ടിൽനിന്നു കൊണ്ടുവരികയായിരുന്നു. 30 ജോലിക്കാരാണ് ഉണ്ടായിരുന്നത്.
ലോക്ഡൗണിനെത്തുടർന്ന് 2020 മാർച്ച് മുതൽ ഹോട്ടൽ പ്രവർത്തിച്ചിരുന്നില്ല. സാന്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ഹോട്ടൽ അടച്ചുപൂട്ടാൻ തീരുമാനിച്ചത്.