ലണ്ടൻ: യൂറോ കപ്പ് സെമിയിൽ ഡെൻമാർക്ക് ഗോൾകീപ്പർ കാസ്പർ സ്മൈക്കലിന്റെ മുഖത്ത് ലേസർ രശ്മികൾ പതിപ്പിച്ച സംഭവത്തിൽ ഇംഗ്ലണ്ടിന് പിഴ ചുമത്തി. 26,600 യൂറോയാണ് യുവേഫ പിഴ ചുമത്തിയിരിക്കുന്നത്.
ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ പെനൽറ്റി കിക്ക് എടുക്കുന്ന സമയത്തായിരുന്നു കാസ്പർ സ്മൈക്കലിന്റെ മുഖത്തേക്ക് ലേസർ അടിച്ചത്. എക്സ്ട്രാ ടൈമിൽ മത്സരം 1-1 സമനിലയിൽ നിൽക്കുമ്പോഴായിരുന്നു നിർണായകമായ പെനാൽറ്റി കിക്ക്.
ഹാരി കെയ്ന്റെ കിക്ക് തടുക്കാൻനിന്ന ഡെൻമാർക്ക് ഗോൾകീപ്പറുടെ മുഖത്തേക്ക് ഇംഗ്ലീഷ് കാണികളിലൊരാൾ ലേസർ അടിച്ചു. സംഭവം വിവാദമായതോടെ യുവേഫ അന്വേഷണം പ്രഖ്യാപിച്ചു.
സെമി മത്സരം തുടങ്ങുന്നതിനു മുൻപ് ഡെൻമാർക്ക് ദേശീയഗാനം മുഴങ്ങവേ, ഇംഗ്ലിഷ് ആരാധകർ കൂവിയ സംഭവത്തിലും സ്റ്റേഡിയത്തിനകത്ത് ആരാധകർ കരിമരുന്നു പ്രയോഗം നടത്തിയതിലും യുവേഫ അന്വേഷണം നടത്തുന്നുണ്ട്.