നിയാസ് മുസ്തഫ
മഹാരാഷ്ട്രയിൽ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യ സർക്കാർ ഉടൻ യാഥാർഥ്യമാകും. പൊതു മിനിമം പരിപാടി സംബന്ധിച്ച് മൂവർക്കുമിടയിൽ ധാരണയായിട്ടുണ്ട്. പൊതുമിനിമം പരിപാടിയുടെ കരട് ഉദ്ധവ് താക്കറെ, ശരത് പവാർ, സോണിയ ഗാന്ധി എന്നിവർക്കു കൈമാറി. മൂന്നു പാർട്ടികളിലേയും മുതിർന്ന നേതാക്കൾ 48 മണിക്കൂർ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പൊതുമിനിമം പരിപാടിയുടെ കരട് രൂപരേഖ തയാറാക്കിയത്.
കർഷക ലോണ് എഴുതിത്തള്ളൽ, വിള ഇൻഷ്വറൻസ് പദ്ധതി, താങ്ങുവില ഉയർത്തൽ, തൊഴിലില്ലായ്മ തുടങ്ങിയ കാര്യങ്ങളാണ് പൊതുമിനിമം പരിപാടിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണു സൂചന. നവംബർ 19ന് പൊതുമിനിമം പരിപാടിയിൽ പൂർണ രൂപമാകും. വിവാദ വിഷയങ്ങളിൽ ശിവസേന ഇനി നിലപാട് മയപ്പെടുത്താനും ധാരണയായിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനം അഞ്ചുവർഷത്തേക്ക് ശിവസേനയ്ക്കു നൽകണോ, അതോ എൻസിപിയുമായി പങ്കിടണോ, അതോ ശിവസേനയും എൻസിപിയും കോൺഗ്രസും മുഖ്യമന്ത്രി പദം പങ്കിടണോ എന്നതു സംബന്ധിച്ചും ചർച്ചകൾ തുടരുകയാണ്. ശിവസേനയും എൻസിപിയും മുഖ്യമന്ത്രി സ്ഥാനം പങ്കിടാനാണ് സാധ്യത കൂടുതൽ. അങ്ങനെയെങ്കിൽ ഉപമുഖ്യമന്ത്രി പദം കോൺഗ്രസിനു നൽകും.അഞ്ചുവർഷത്തേക്ക് മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്കു നൽകാനാണ് നീക്കമെങ്കിൽ രണ്ട് ഉപമുഖ്യമന്തിരമാർ വരും. അത് എൻസിപിക്കും കോൺഗ്രസിനും തുല്യമായി വീതിക്കും.
മന്ത്രിമാരുടെ എണ്ണം സംബന്ധിച്ചും ചർച്ചകൾ തുടരുകയാണ്. മന്ത്രിമാരുടെ എണ്ണത്തിൽ ആദ്യ ധാരണയായിട്ടുണ്ട്. ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങൾ തുല്യമായി വീതിച്ചേക്കാനാണ് ഏകദേശ ധാരണ.
നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിച്ച ബിജെപിയും ശിവസേനയും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയാണ് വേർപിരിഞ്ഞത്. മുഖ്യമന്ത്രി പദം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യം ബിജെപി മുഖവിലയ്ക്കെടുക്കാതെ വന്നതോടെ സഖ്യം തകരുകയായിരുന്നു.
ഏറ്റവും വലിയ കക്ഷിയായ ബിജെപിയേയാണ് സർക്കാരുണ്ടാക്കാൻ ഗവർണർ ഭഗത് സിംഗ് കോഷാരി ആദ്യം ക്ഷണിച്ചത്. സർക്കാർ രൂപീകരണത്തിൽനിന്ന് ബിജെപി പിൻമാറി. പിന്നീട് ശിവസേനയെ ക്ഷണിച്ചു. അനുവദിച്ച സമയത്തിൽ സർക്കാരുണ്ടാക്കാനുള്ള പിന്തുണ തെളിയിക്കാൻ കഴിയാതെ വന്ന ശിവസേന കൂടുതൽ സമയം ചോദിച്ചെങ്കിലും അത് പരിഗണിക്കാതെ എൻസിപിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചു.
സർക്കാരുണ്ടാക്കാൻ എൻസിപിക്ക് അനുവദിച്ച സമയം തീരുന്നതിനു മുന്പേ രാഷ്ട്രപതി ഭരണത്തിന് ഗവർണർ ശിപാർശ ചെയ്യുകയും ചെയ്തു. നിലവിൽ രാഷ്ട്രപതി ഭരണത്തിലാണ് സംസ്ഥാനം. സർക്കാരുണ്ടാക്കാനുള്ള അന്തിമ തീരുമാനമായ ശേഷം ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാനുള്ള പിന്തുണ തെളിയിക്കും.
അതേസമയം, ബിജെപിയുടെ കുതിരകച്ചവടം ഭയപ്പെട്ട് ഹോട്ടലിൽ താമസിപ്പിച്ചിരിക്കുന്ന ശിവസേന എംഎൽഎമാർ അസ്വസ്ഥരായതായും റിപ്പോർട്ടുണ്ട്. എന്നാൽ, കരയ്ക്കുനിന്ന് കളി കാണാനാണ് ബിജെപിയുടെ തീരുമാനം. അനുകൂലമായ കളം വരുന്നതുവരെ നിശബ്ദമായി വീക്ഷിക്കുകയാണ് ബിജെപി ഇപ്പോൾ.
അതേസമയം, സഖ്യം തകർന്നതിന്റെ കലിപ്പ് ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് ബിജെപി കാട്ടിത്തുടങ്ങിയതായി ശിവസേന ആരോപിക്കുന്നുണ്ട്. ശിവസേനയുടെ നിയന്ത്രണത്തിലുള്ള ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ കരാറുകൾ ഏറ്റെടുത്തിട്ടുള്ള ആളുകളെ ലാക്കാക്കി ആദായ നികുതി വകുപ്പ് അവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡുകൾ സംഘടിപ്പിച്ചു.
30 കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നതായാണ് വിവരം. 735 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. വൻതോതിലുള്ള നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുള്ളതായി റെയ്ഡുകളിൽ വെളിപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.