മറയൂർ: മഹാരാഷ്ട്രയിലെ സോളാപ്പൂരിൽ ജോലിചെയ്തിരുന്ന കാന്തല്ലൂർ സ്വദേശികളെ രണ്ടു മാസത്തിനു ശേഷം നാട്ടിലെത്തിച്ചു. മഹാരാഷ്ട്രയിലെ ഒസാമബാദിലെ ഗാൽ മെയ്ഡ് എന്ന കന്പനിയിലാണ് കാന്തല്ലൂർ കോവിൽക്കടവ്, മറയൂർ എന്നിവിടങ്ങളിലുള്ളവർ ജോലിചെയ്തിരുന്നത്. ലോക്ക് ഡൗണ് പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസം കന്പനി, ജീവനക്കാർക്കു മൂന്നുമാസം അവധി നൽകി വീട്ടിലേക്കു മടങ്ങാൻ നിർദേശിച്ചു.
കേരളത്തിലെയും തമിഴ്നാട്ടിലെയും ഇരുന്നൂറോളം പേർ നാട്ടിലേക്കു മടങ്ങാനായി ലോറികളും ട്രക്കുകളും വന്നു മടങ്ങുന്ന ഷോളാപ്പൂരിലേക്കു നടന്നു പോകുന്നതിനിടെ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു ഷോളാപ്പൂരിലുള്ള നനജൻ മറാത്തി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എത്തിച്ചു.
മറയൂർ സ്വദേശി വിനീഷ്, കോവിൽക്കടവ് സ്വദേശികളായ ആഷിഖ്, ഷാരൂക്, നസീർ, കാന്തല്ലൂർ സ്വദേശികളായ രാജേഷ് കണ്ണൻ, ഹരിഹരൻ, പ്രശാന്ത്, ഗണപതി, വിഘ്നേഷ്, രതി എന്നിവരും സംഘത്തിലുണ്ടായിരുന്നു. താമസിക്കാനാവശ്യമായ മുറികളും ഭക്ഷണവും ലഭിക്കാതെ വന്നതോടെ തമിഴ്നാട് സ്വദേശികൾ പ്രതിഷേധിച്ചു.
ഇതേത്തുടർന്നു നിരീക്ഷണ കേന്ദ്രത്തിലുണ്ടായിരുന്നവർക്കു നേരേ പോലീസ് ക്രൂരമായി ലാത്തിച്ചാർജ് നടത്തിയെന്ന് ഇവർ പറയുന്നു.
ക്രൂരമർദനം മൊബൈലിൽ പകർത്തി മനുഷ്യാവകാശ പ്രവർത്തകർ, വാർത്താ ചാനലുകൾ ഉൾപ്പെടെയുള്ളവർക്ക് അയച്ചുനൽകിയിരുന്നു. മർദനമേറ്റതോടെ പലരും സ്കൂളിൽനിന്നു മറ്റു സ്ഥലങ്ങളിലേക്കു താമസം മാറ്റി.
കാന്തല്ലൂർ സ്വദേശികളായ ഒൻപതു പേർ ഉൾപ്പെടെ മലയാളികളായ 24 പേർ വേണ്ടത്ര ഭക്ഷണം പോലും ലഭിക്കാതെ ഷോളാപ്പൂരിൽ നരകയാതനയിൽ കഴിയുന്ന വിവരമറിഞ്ഞ കോയന്പത്തൂർ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മഹരാജ് മഹാരാഷ്ട്ര ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും മലയാളിയുമായ പ്രീതി ശേഖറിനെ വിവരമറിയിച്ചു.
ഏപ്രിൽ ആദ്യവാരമായിരുന്നു ഇത്. മറ്റു പ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയ ആറു മലയാളികളെക്കൂടി ഈ ക്യാന്പിലെത്തിക്കുകയും ജില്ലാ പോലീസ് മേധാവിയുമായി സംസാരിച്ച് ആവശ്യത്തിനു മുറികൾ തുറന്നു കൊടുക്കുകയും ചെയ്തു. അനിൽ വാസൻ എന്നയാൾ ദിവസവും ഇവർക്ക് ആവശ്യമായ ഭക്ഷണവും വൈദ്യപരിശോധനയും ഏർപ്പാടാക്കി.
പ്രീതി ശേഖർ മുംബൈ കേരളീയം സംഘടനയുടെ പ്രസിഡന്റും വ്യവസായിയുമായ ഇടുക്കി സ്വദേശി ഹരിഹരനെ ബന്ധപ്പെട്ട് ഇവർക്കു കേരളത്തിലേക്കു വരാൻ ബസ് സൗകര്യം ഒരുക്കുകയായിരുന്നു.
എസ്. രാജേന്ദ്രൻ എംഎൽഎ, സിപിഎം മറയൂർ ഏരിയ സെക്രട്ടറി വി. സിജിമോൻ എന്നിവർ പാസ് തരപ്പെടുത്തി.
പാസ് ലഭിച്ചതിനെത്തുടർന്നു തിങ്കളാഴ്ച മുബൈയിൽനിന്നു പുറപ്പെട്ട ബസ് കഴിഞ്ഞ ദിവസം രാവിലെ മൂന്നാറിലെത്തി. കാസർഗോഡ്, തൃശൂർ, ആലപ്പുഴ, ഇടുക്കി സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർ. മൂന്നാറിൽ രാവിലെ എത്തിയ ഇവരെ ശിക്ഷക് സദനിൽ ക്വാറന്റൈൻ ചെയ്തു.