കൊച്ചി: അന്തരിച്ച പ്രമുഖ കോണ്ഗ്രസ് നേതാവും വയനാട് എംപിയും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ എം.ഐ. ഷാനവാസിന് (67) ആയിരങ്ങളുടെ അന്ത്യാഞ്ജലി. കബറടക്കം വൻജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നു രാവിലെ എറണാകുളം നോർത്ത് എസ്ആർഎം റോഡിലുള്ള തോട്ടത്തുംപടി പള്ളി കബർസ്ഥാനിൽ നടത്തി.
പൂർണ സംസ്ഥാന ബഹുമതികളോടെയായിരുന്നു കബറടക്കം. പതിറ്റാണ്ടു കാലം സംസ്ഥാന രാഷ്ട്രീയത്തിൽ തിളങ്ങിനിന്ന ഷാനവാസിന് അന്തിമോപചാരമർപ്പിക്കാൻ എണാകുളം നോർത്ത് ആനി തയ്യിൽ റോഡിലെ നൂർജഹാൻ മൻസിലിലെ വസതിയിലേക്ക് ഇന്നും ഇന്നലെയുമായി നേതാക്കളുടെയും പ്രവർത്തകരുടെയും ഒഴുക്കായിരുന്നു.
ഇന്നലെ മൃതദേഹം പൊതുദർശനത്തിനുവച്ച ടൗണ്ഹാളിലും നൂറുകണക്കിനുപേർ തടിച്ചുകൂടി. പൊതുദർശനത്തിനുശേഷം രാത്രിയോടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുവന്നു. ഇന്നു രാവിലെ പത്തോടെ വീട്ടിലും തുടർന്നു പള്ളിയിലും നടന്ന ചടങ്ങുകൾക്കുശേഷമാണു മൃതദേഹം കബറടക്കിയത്.
മുതിർന്ന കോണ്ഗ്രസ് നേതാക്കളടക്കം ആയിരക്കണക്കിനാളുകളാണു ഷാനവാസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഇന്നലെ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ ആദരാഞ്ജലി അർപ്പിക്കാൻ ടൗണ്ഹാളിലെത്തിയിരുന്നു.
താമരശേരി രൂപത ബിഷപ്പ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, കോണ്ഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, ശശി തരൂർ, എം.എം. ഹസൻ, കെ.വി. തോമസ്, കെ.സി. ജോസഫ്, പി.സി.വിഷ്ണുനാഥ്, സിപിഎം നേതാവ് പി.കെ. ശ്രീമതി, സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഷാനവാസിന്റെ എതിർസ്ഥാനാർഥിയായി മത്സരിച്ച സത്യൻ മൊകേരി തുടങ്ങിയവർ ഇന്നു രാവിലെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.
കരൾ സംബന്ധമായ രോഗബാധയെത്തുടർന്നു ചെന്നൈ ക്രോംപേട്ടിലെ ഡോ. റേല ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിയവേ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ മാസം 31 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ഷാനവാസിന്റെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും അണുബാധയെത്തുടർന്ന് വഷളാകുകയും ഇന്നലെ പുലർച്ചെ 1.35ന് മരണം സംഭവിക്കുകയുമായിരുന്നു. ചെന്നൈയിൽനിന്ന് ഇന്നലെ ഉച്ചകഴിഞ്ഞാണു മൃതദേഹം വസതിയിലെത്തിച്ചത്.