മുക്കം: പഴയ സഹപ്രവർത്തകനായ അൽഫോണ്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിയായതോടെ ലാവ്ലിൻ കേസിന്റെ അപ്പീലടക്കമുള്ള കാര്യങ്ങൾ അട്ടിമറിക്കാനാണ് പിണറായി വിജയനും സിപിഎമ്മും ശ്രമിക്കുന്നതെന്ന് എം.ഐ.ഷാനവാസ് എം.പി. പറഞ്ഞു.
കണ്ണന്താനം കേരളത്തിന് ബാധ്യതയാവുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. അടുത്ത തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ പാർട്ടി അധികാരത്തിലെത്തും.നരേന്ദ്ര മോദിക്കെതിരെ ഒരു നിശബ്ദ പ്രതിഷേധം രാജ്യത്ത് നടക്കുന്നുണ്ട്.
കേന്ദ്ര സർക്കാർ ജനദ്രോഹ നയങ്ങൾ തുടരുന്പോഴും മോദിയെ വെള്ളപൂശാനാണ് പിണറായി ശ്രമിക്കുന്നത്. യുഡിഎഫിന്റെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന പ്രവൃത്തി മാത്രമാണ് 16 മാസമായി എൽഡിഎഫ് സർക്കാർ ചെയ്യുന്നതെന്നും വയനാട് മണ്ഡലത്തെ ഇത്രയധികം അവഗണിച്ച കാലമുണ്ടായിട്ടില്ലന്നും എംപി. പറഞ്ഞു.
നഞ്ചൻകോട്, നിലന്പൂർ റെയിൽപാത 100 വർഷത്തിലധികമായുള്ള നാട്ടുകാരുടെ ആവശ്യമായിരുന്നു.ഉമ്മൻ ചാണ്ടി സർക്കാർ പദ്ധതിക്കായി ശ്രമം നടത്തിയങ്കിലും തുടർന്ന് വന്ന പിണറായി സർക്കാരിന്റെ അവഗണന മൂലം പ്രവൃത്തി തുടങ്ങാനായില്ലന്നും എംപി. പറഞ്ഞു.