നിലന്പൂർ: വയനാട് എംപി എം.ഐ.ഷാനവാസിന്റെ വേർപാട് വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന നിലന്പൂർ മേഖലയ്ക്ക് കനത്ത നഷ്ടമാണ്. നിലന്പൂർ-നഞ്ചൻഗോഡ് പാതക്കായി ഷാനവാസ് പാർലമെന്റിനകത്തും പുറത്തും ശക്തമായ പോരാട്ടമാണ് നടത്തിയത്.
ആരോഗ്യപ്രശ്നങ്ങൾ അലട്ടിയ സമയത്തും പ്രളയബാധിത സമയത്ത് ഷാനവാസ് നിലന്പൂരിൽ സജീവമായിരുന്നു. തുടർച്ചയായി അഞ്ചു തെരഞ്ഞെടുപ്പ് പരാജയങ്ങൾ ഏറ്റുവാങ്ങിയ ശേഷമാണ് വയനാട് മണ്ഡലത്തിൽ നിന്നും പാർലമെന്റിലേക്ക് മത്സരിച്ചു തെരഞ്ഞെടുക്കപ്പെട്ടത്.
2009ലെ റെക്കോർഡ് ഭൂരിപക്ഷമാണ് അന്ന് ലഭിച്ചത്. എൻസിപി സംസ്ഥാന പ്രസിഡന്റായിരുന്ന കെ.മുരളീധരൻ അന്ന് മത്സരിച്ച് ഒരു ലക്ഷം വോട്ട് നേടിയ ഇലക്ഷനിലായിരുന്നു തിളക്കമാർന്ന ഈ വിജയം. കസ്തുരി രംഗൻ വിഷയവും ദേശീയ തലത്തിൽ കോണ്ഗ്രസിനുണ്ടായ ഏറ്റവും വലിയ തകർച്ചക്കിടയിലും 2014ൽ വയനാട്ടിൽ നിന്നും വീണ്ടും വിജയിച്ചു. വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ലീഡ് നേടിയപ്പോഴും.
മലപ്പുറം ജില്ലയിലെ നിലന്പൂർ. വണ്ടൂർ. ഏറനാട് മണ്ഡലങ്ങൾ ഷാനവാസിന് പിന്നിൽ ഉറച്ചു നിന്നിരുന്നു. ജില്ലയിലെ മണ്ഡലങ്ങളിൽ എംപി ഫണ്ട് വിനിയോഗം ഫലപ്രദമായി നടപ്പാക്കി. കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന നേതാവായിരുന്നു ഷാനവാസ്. മൂന്നാം തവണയും ഷാനവാസ് വയനാട്ടിൽ നിന്നും മത്സരിക്കുമെന്ന പ്രചാരണത്തിനിടയിലായിരുന്നു പാർട്ടിയുടെ മൂന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരിൽ ഒരാളായി നിയമിതനായത്.
കഴിഞ്ഞ പ്രളയകാലത്ത് നിലന്പൂരിൽ എത്തിയ ഷാനവാസിന്റെ പര്യടനത്തിൽ നിന്നും ഒരു വിഭാഗം വിട്ടുനിന്നത് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. ആരോഗ്യകാരണങ്ങളാൽ മണ്ഡലത്തിൽ സജീവമാകാൻ പലപ്പോഴും കഴിഞ്ഞിരുന്നില്ലെങ്കിലും മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളിൽ കുറവ് വരുത്തിയിരുന്നില്ല.