കൽപ്പറ്റ: സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തി വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ സംസ്ഥാന പോലീസ് മേധാവിക്കും വയനാട് ജില്ലാ പോലീസ് സൂപ്രണ്ടിനും എം.ഐ. ഷാനവാസ് എംപി പരാതി നൽകി. കഴിഞ്ഞ ജൂണ്‍ 15 ന് ചുരം ബദൽ റോഡ് – ചിപ്പിലിത്തോട് വിഷയവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾ മാത്രം പങ്കെടുത്ത ന് നടന്ന മീറ്റിംഗിലേക്ക് എംപി, പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ആരേയും ക്ഷണിച്ചിരുന്നില്ല.
16 ന് ചിപ്പിലിത്തോട് സന്ദർശിച്ചപ്പോൾ തലേദിവസം മന്ത്രിയും സംഘവും വന്നപ്പോൾ വരാതിരുന്നത് വിവരം അറിയാത്തതുകൊണ്ടും ക്ഷണിക്കാത്തതുകൊണ്ടുമാണെന്ന് ജനങ്ങളോട് പറഞ്ഞു. ക്ഷണിക്കാതെ എങ്ങിനെ ഞാൻ വരും എന്ന് ജനങ്ങളോട് പറഞ്ഞ ഒരു വാചകം മാത്രം അടർത്തിയെടുത്ത് വയനാട്ടിലെ ഇപ്പോഴുണ്ടായ പ്രളയവുമായി ബന്ധപ്പെട്ടിട്ടാണ് ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത് എന്ന് വരുത്തിത്തീർക്കാനുള്ള ഗൂഡനീക്കമായിരുന്നു പ്രതികൾ ചെയ്തത്.
സോഷ്യൽമീഡിയയുടെ വിശ്വാസ്യതയെ സംരക്ഷിക്കുന്നതിനു വേണ്ടി കൂടിയാണ് ഈ പരാതി സംഥാന പോലീസ് മേധാവിക്കും വയനാട് ജില്ലാ പോലീസ് സൂപ്രണ്ടിനും നൽകിയത്. കൃത്രിമ, വ്യാജ, മെസേജുകളുടെ ഉത്ഭവം കണ്ടുപിടിക്കണമെന്നും മനപൂർവം ഈ മെസേജ് പോസ്റ്റ് ചെയ്തവരെ കണ്ടുപിടിച്ച് അവരുടെ പേരിൽ നിയമപരമായി ഐടി ആക്ട് പ്രകാരവും ഇന്ത്യൻ പീനൽ കോഡ് പ്രകാരവും ശക്തമായ നടപടിയുണ്ടാകണമെന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചു.