കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ പരിശ്രമിക്കുന്ന വനിതാ കൂട്ടായ്മയ്ക്ക് തുടക്കത്തിലേ കല്ലുകടി. മലയാള സിനിമയില്‍ നടിമാരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന സംഘടനയെക്കുറിച്ച് തനിക്കറിയില്ലെന്ന് നടി മിയ ജോര്‍ജ്. ഇങ്ങനെ ഒരു സംഘടന തുടങ്ങിയെന്ന് വാര്‍ത്തകളില്‍ കണ്ടുവെങ്കിലും തനിക്കോ മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്കോ ഇത് ഏതാണെന്നും എന്താണെന്നും ഒന്നും അറിയില്ലയെന്നും മിയ പറയുന്നു. പുതിയ സംഘടനയെ കുറിച്ച് തനിക്കൊന്നും അറിയില്ല എന്ന് കഴിഞ്ഞ ദിവസം നടി ആശ ശരത്തും പ്രതികരിച്ചിരുന്നു. അതിന് പിന്നാലെയാണ് മിയയും സംഘടനയെ തള്ളിപ്പറയുന്നത്.
‘ഞാന്‍ ജീവിക്കുന്നത് കേരളത്തിന് പുറത്താണ്. അഭിനയിക്കാന്‍ വേണ്ടി മാത്രമാണ് കേരളത്തില്‍ വരുന്നത്. അതുകൊണ്ട് ഇങ്ങനെ ഒരു സംഘടനയെക്കുറിച്ച് എനിക്കറിയില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ ഞാന്‍ പിന്തുണയ്ക്കുന്നത് അമ്മ എന്ന താരസംഘടനയെ മാത്രമായിരിക്കും. കാരണം എനിക്കൊരു പ്രശ്നം വന്നപ്പോള്‍ കൂടെ ഉണ്ടായിരുന്നത് അമ്മ മാത്രമാണ്’ എന്നാണ് ആശ പറഞ്ഞത്.’ഞാന്‍ മനസ്സിലാക്കിയിടത്തോളം അമ്മയെന്നത് ആര്‍ട്ടിസ്റ്റുകളുടെ മാത്രം സംഘടനയാണ്.പുതിയ സംഘടനയില്‍ അഭിനേതാക്കള്മാത്രമല്ല, ടെക്നീഷ്യന്മാരായ വനിതകളുണ്ട്. ‘അമ്മ’യ്ക്ക് അഭിനയിക്കുന്നവരുടെ കാര്യം മാത്രമല്ലേ നോക്കാനാവൂ.
സിനിമയ്ക്ക് അകത്തുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നതില്‍ അമ്മയ്ക്ക് ഒരു പരിമിതിയുണ്ട്. എഡിറ്റേഴ്സിനെയും ഡബിങ് ആര്‍ട്ടിസ്റ്റുകളെയുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ള സംഘടനയാകുമ്പോള്‍ കുറച്ചു പേര്‍ക്ക് മാത്രം പരിഗണന കിട്ടുന്നു, ഞങ്ങള്‍ അവഗണിക്കപ്പെടുന്നു എന്ന് മറ്റുള്ളവര്‍ക്ക് തോന്നില്ലല്ലോ. അതാണെന്ന് തോന്നുന്നു ഈ സംഘടനയുടെ ലക്ഷ്യം’ മിയ പറഞ്ഞു. നടിയെന്ന നിലയില്‍ തനിക്ക് യാതൊരു ദുരനുഭവം ഉണ്ടായിട്ടില്ലെന്നും മിയ പറയുന്നു. അതു മലയാളത്തില്‍ മാത്രമല്ല,തമിഴാകട്ടെ, തെലുങ്കാവട്ടെ ആരും എന്നോട് അത്തരത്തില്‍ സമീപിച്ചിട്ടില്ല. മിയ വ്യക്തമാക്കി.
‘എനിക്ക് തോന്നുന്നത് നമ്മള് എങ്ങനെ നില്ക്കുന്നു എന്ന് നോക്കിയാണ് ഓരോരുത്തരും നമ്മെ സമീപിക്കുന്നത് എന്നാണ് നമ്മള് ഡീസന്റാണ്, സ്ട്രെയിറ്റ് ഫോര്‍വേര്‍ഡ് ആണ്, നെഗറ്റീവ് രീതിയില്‍ പോവില്ല, ബോള്‍ഡാണ് അങ്ങനെയൊരു ഇമേജ് ആദ്യം മുതല്‍ കൊടുത്തു കൊണ്ടിരുന്നാല്‍ ഒരു പ്രശ്നവും വരില്ല എന്നാണ് എന്റെ വിശ്വാസം.’മിയ തന്റെ നിലപാട് വ്യക്തമാക്കുന്നു. എന്തായാലും ആശാ ശരത്തിന്റെയും മിയയുടെയും പ്രതികരണങ്ങള്‍ വനിതാ കൂട്ടായ്മയ്ക്ക് തിരിച്ചടിയാവുമെന്നാണ് കണക്കുകൂട്ടല്‍.