മൈസൂരു: മൈസൂരുവിനടുത്ത് ചാമുണ്ഡി ഹില്ലിൽ എംബിഎ വിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ എൻജിനിയറിംഗ് വിദ്യാർഥികളായ നാലു പേർ കസ്റ്റഡിയിൽ. കസ്റ്റഡിയിലുള്ളവരിൽ മലയാളികളും ഉൾപ്പെടതായാണ് സൂചന.
കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. കസ്റ്റിഡിയിലുള്ളവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കസ്റ്റഡിയിലായവർ നഗരത്തിലെ പ്രമുഖ എൻജിനിയറിംഗ്കോളജ് വിദ്യാർഥികളാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ചാമുണ്ഡി ഹില്ലിൽ സുഹൃത്തിനൊപ്പമെത്തിയ വിദ്യാർഥിനി കൂട്ടമാനംഭത്തിനിരയായത്.
സുഹൃത്തിനെ അടിച്ചു വീഴ്ത്തിയശേഷം പെൺകുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച മുതൽ പ്രതികളെന്ന് സംശയിക്കുന്നവർ അപ്രത്യക്ഷരായിരുന്നു.
പീഡനദൃശ്യം മൊബൈലിൽ പകർത്തിയ സംഘം ഇതു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടു.
പണമില്ലെന്നു പറഞ്ഞതോടെ രണ്ടുപേരെയും മർദിച്ചവശരാക്കിയശേഷം സംഘം കടന്നുകളയുകയായിരുന്നു.
അബോധാവസ്ഥയിലായിരുന്ന ഇരുവർക്കും ബുധനാഴ്ച പുലർച്ചെ 1.30 ഓടെയാണ് ബോധം വീണുകിട്ടിയത്. തുടർന്ന് റോഡരികിലെത്തി വാഹനം കൈകാട്ടി നിർത്തി ചികിത്സ തേടുകയായിരുന്നു.
സംഭവം നടന്ന ചൊവ്വാഴ്ച രാത്രി 7.30 മുതൽ ചാമുണ്ഡിഹിൽ പ്രദേശത്തെ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്ന് 20 മൊബൈൽ നന്പറുകൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിലൂടെയാണ് പ്രതികളെന്നു സംശയിക്കുന്നവരെ കണ്ടെത്തിയത്.
ബുധനാഴ്ച കോളജിൽ പരീക്ഷയുണ്ടായിരുന്നു. എന്നാൽ പോലീസ് കോളജിലെത്തി അന്വേഷിച്ചപ്പോൾ വിദ്യാർഥികൾ കോളജിൽ എത്തിയിട്ടില്ലെന്നു മനസിലായി.
ഇതോടെ ഇവരെ കണ്ടെത്താൻ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. എഡിജിപി സി.എച്ച്. പ്രതാപ് റെഡ്ഡി മൈസൂരുവിൽ ക്യാന്പ് ചെയ്താണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
ഇന്നലെ വൈകുന്നേരം മൈസൂരുവിലെത്തിയ ആഭ്യന്തരമന്ത്രി അരാഗ ജ്ഞാനേന്ദ്ര അന്വേഷണ പുരോഗതി വിലയിരുത്തി.
ഇതിനിടെ പ്രതികളെ പിടികൂടിയാലുടൻ വെടിവച്ച് കൊല്ലണമെന്നും ഇക്കാര്യത്തിൽ കർണാടക പോലീസ് തെലുങ്കാന പോലീസിനെ മാതൃകയാക്കണമെന്നുമുള്ള ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ പ്രസ്താവന വിവാദത്തിലായിട്ടുണ്ട്.