കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേലിന്റെ ഫോണ്‍കോള്‍ രേഖകളില്‍ നിന്നും പുതിയ വിവരങ്ങള്‍ ലഭ്യമായി. മരിക്കുന്നതിന് മുമ്പ് ഇപ്പോള്‍ ആത്മഹത്യാപ്രേരണാകുറ്റത്തിന് അറസ്റ്റിലായ ക്രോണിന്റെ മാതാവിനെ മിഷേല്‍ ഫോണില്‍ വിളിച്ചിരുന്നു എന്നാണ് ഫോണ്‍ രേഖകളില്‍ നിന്ന് വ്യക്തമാവുന്നത്. മിഷേലിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആകുന്നതിനു തൊട്ടുമുന്‍പ് ഏതാണ്ട് മൂന്നരയോടെയാണ് ഇവര്‍ തമ്മിലുള്ള സംഭാഷണം നടന്നത്. മിഷേലിന്റെ ഫോണിലേയ്ക്ക് ക്രോണിന്റെ മാതാവ് അയച്ച എസ്എംഎസിന് മറുപടിയായാണ് മിഷേല്‍ അവരെ ഫോണില്‍ വിളിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ക്രോണിന്റെ മാതാവിനെ പൊലീസ് ചോദ്യം ചെയ്തു. ക്രോണിന്‍ തന്നെ വിളിച്ച്, മിഷേല്‍ ഫോണെടുക്കുന്നില്ലെന്നും ഒന്നു വിളിച്ചു നോക്കണമെന്നും പറഞ്ഞതു പ്രകാരമാണു താന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതെന്നാണ് ഇവരുടെ മൊഴി. ക്രോണിന്‍ വിളിച്ചിരുന്നെന്നും ഫോണ്‍ എടുക്കാത്തതിനാല്‍ വിളിക്കാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നുമാണ് മിഷേലിനോടു ഫോണില്‍ പറഞ്ഞതെന്ന് ഇവര്‍ മൊഴി നല്‍കി. മിഷേലിന്റെ ഫോണിന്റെ അവസാനത്തെ ടവര്‍ ലൊക്കേഷന്‍ എറണാകുളം മാധവ ഫാര്‍മസി ജംക്ഷനാണ്.
മിഷേലുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തന്റെയും മിഷേലിന്റെയും മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നെന്നും തങ്ങള്‍ തമ്മിലുള്ളത് വെറും സൗന്ദര്യ പിണക്കങ്ങള്‍ മാത്രമാണെന്നും മിഷേലിന്റെ മരണവുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്നുമാണ് ക്രോണിന്‍ പറയുന്നത്.
അതേസമയം ക്രോണിനെക്കുറിച്ച് തങ്ങള്‍ക്ക് ഒരറിവുമില്ലെന്നും മിഷേല്‍ ഈ ബന്ധത്തെക്കുറിച്ചു പറയുകയോ ക്രോണിനെക്കുറിച്ച് പരാതി പറയുകയോ ചെയ്തിട്ടില്ലെന്നും മിഷേലിന്റെ പിതാവ് ഷാജിയും പറയുന്നു. ക്രോണിന്‍ തങ്ങളുടെ ബന്ധു അല്ലെന്നും പൊലീസ് കെട്ടിച്ചമച്ച കഥയാണെന്നും ഷാജി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കേസ് അട്ടമിറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവോ എന്ന സംശയം സജീവമാവുകയാണ്. അതിന് പിന്നാലെയാണ് ക്രോണിന്റെ അമ്മയുടെ ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ എത്തുന്നത്.
കേസില്‍ ഇപ്പോള്‍ നിര്‍ണ്ണായകമായി കണക്കാക്കുന്ന ക്രോണിന്‍ മിഷേലിന് അയച്ച ഭീഷണി എസ്എംഎസുകളാണ്. എന്നാല്‍ പൊലീസില്‍ ഹാജരാകും മുമ്പ് ക്രോണിന്‍ ഇവ നശിപ്പിച്ചിരുന്നു. അതേസമയം മിഷേലിന്റെ മൊബൈലാകട്ടെ കണ്ടെത്താനും അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
മരണത്തിന് രണ്ടു ദിവസം മുമ്പു വരെ നൂറിലധികം സന്ദേശങ്ങളാണ് ക്രോണിന്‍ മിഷേലിന് അയച്ചിരിക്കുന്നത്. മിഷേലിന്റെ ഫോണ്‍ കണ്ടെത്തിയാല്‍ ഇത് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. അതിനിടെ ക്രോണിന്റെ മൊബൈലിന്റെ ശാസ്ത്രീയ പരിശോധനയിലൂടെ എസ്എംഎസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.