കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണത്തിനു തൊട്ടുമുന്‍പുള്ളതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മിഷേല്‍ ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഹൈക്കോടതി ജംങ്ഷനിലുള്ള അശോകാ ഫ്‌ലാറ്റ്ിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്. മിഷേലിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണിതെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും തുടങ്ങി.
അതിനിടെ, മിഷേല്‍ മരിച്ചെന്ന് അറിഞ്ഞ ശേഷവും മിഷേലിന്റെ ഫോണിലേക്ക് അറസ്റ്റിലായ ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബി എസ്എംഎസുകള്‍ അയച്ചതായി കണ്ടെത്തി. മിഷേലും താനുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വം അയച്ചതാണ് ഈ സന്ദേശങ്ങളെന്നാണു നിഗമനം. മരണവിവരം അറിഞ്ഞശേഷവും മിഷേലിന്റെ ഫോണിലേക്ക് 12 എസ്എംഎസ് അയച്ച ക്രോണിന്‍, സംഭവദിവസവും തലേന്നുമായി അയച്ച 89 എസ്എംഎസുകള്‍ ഫോണില്‍നിന്നു മായ്ച്ചുകളയുകയും ചെയ്തതായി വ്യക്തമായിരുന്നു. നമുക്ക് ഒരുമിച്ചു ജീവിക്കേണ്ടേ, എന്തിന് എന്നെ വേണ്ടെന്നുവച്ചു, എന്തിനാണ് എന്നോടിങ്ങനെ തുടങ്ങിയ വാക്കുകളാണ് ഈ എസ്എംഎസുകളിലുള്ളത്.
പ്രണയപൂര്‍വമുള്ള സംബോധനകളുമുണ്ട്. മുന്‍പ് അയച്ച എസ്എംഎസുകള്‍ മായ്ച്ചുകളഞ്ഞശേഷം ഇവ മാത്രം ഫോണില്‍ സൂക്ഷിക്കുകയും ചോദ്യം ചെയ്ത വേളയില്‍ പൊലീസിനെ കാണിച്ചുകൊടുക്കുകയും ചെയ്തത് മിഷേലിന്റെ തിരോധാനത്തില്‍ തനിക്കു പങ്കില്ലെന്നു വരുത്തുന്നതിനുള്ള ശ്രമമായിരുന്നു. എന്നാല്‍ ഈ നീക്കം തിരിച്ചടിക്കുകയും ക്രോണിനു മേല്‍ പൊലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുകയുമായിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന ക്രോണിനെ ക്രൈംബ്രാഞ്ച് സംഘം ഇന്നു ജയിലിലെത്തി ചോദ്യം ചെയ്‌തേക്കും.