ചങ്ങനാശേരി: ദക്ഷിണകൊറിയയില്‍ നടന്ന ഏഷ്യാപസഫിക് മാസ്റ്റേഴ്സ് ഗെയിംസില്‍ അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്റിലെ അധ്യാപകന് ഇരട്ടനേട്ടം.
ബാഡ്മിന്റണ്‍ മത്സരത്തില്‍ ഡബിള്‍സിലും സിംഗിള്‍സിലുമായി പുളിങ്കുന്ന് വെള്ളാത്തോട്ടം മൈക്കിള്‍ സെബാസ്റ്റ്യന്‍ ഇന്ത്യക്കുവേണ്ടി ഇരട്ട വെള്ളിമെഡല്‍ നേട്ടം കൈവരിച്ചത്.
ചമ്പക്കുളം സെന്റ് തോമസ് സ്കൂളിലെ അധ്യാപകനും കുട്ടനാട് എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡംഗവുമാണ് മൈക്കിള്‍ സാര്‍.
ചങ്ങനാശേരി സ്വദേശി ജെയ്സണ്‍ കാവാലമാണ് ഡബിള്‍സ് മത്സരത്തില്‍ മൈക്കിളിനൊപ്പം പങ്കെടുത്തത്. എഴുപതിലധികം രാജ്യങ്ങളിലെ 15,000 കായികതാരങ്ങളാണ് വിവിധ ഇനങ്ങളിലായി മാസ്റ്റേഴ്സ് മത്സരത്തില്‍ മാറ്റുരച്ചത്.
സാമൂഹ്യശാസ്ത്ര അധ്യാപനത്തോടൊപ്പം കായികാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിലും തത്പരനായ മൈക്കിള്‍ സാര്‍ ഇപ്പോള്‍ രാമങ്കരിയിലാണ് താമസം. സൗദിയില്‍ നഴ്സായ റീനയാണ് ഭാര്യ. ഐറിന്, ഇവാന എന്നിവരാണ് മക്കള്‍.
2024ല്‍ അമേരിക്കയില്‍ നടക്കുന്ന ലോക മാസ്റ്റേഴ്സ് ചാമ്പന്‍ഷിപ്പില്‍ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ മൈക്കിള്‍ സെബാസ്റ്റ്യന്‍.