ക്രൈംബ്രാഞ്ച് അന്വേഷണം പ്രാരംഭഘട്ടത്തില്‍! മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

mishealcro_2201കൊച്ചി: സിഎ വിദ്യാർഥിനി മിഷേലിന്‍റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. ക്രൈംബ്രാഞ്ച് അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. കേസിൽ ക്രോണിനെതിരേ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.

നേരത്തെ, മകളുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മിഷേലിന്‍റെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മാതാപിതാക്കളെ അറിയിച്ചു. മകളുടെ മരണം ആത്മഹത്യയാണെന്ന് താൻ ഒരിക്കലും കരുതുന്നില്ലെന്ന് മുഖ്യമന്ത്രിയെ കണ്ടശേഷം പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, മിഷേലിന്‍റെ മരണം ആത്മഹത്യയെന്ന നിലപാടിൽ പോലീസ് ഉറച്ചുനിൽക്കുകയാണ്. മിഷേലിന്‍റെ മരണവുമായി ബന്ധമില്ലെന്നും ഒരു ബന്ധത്തിൽ സാധാരണയുണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമേ മിഷേലുമായി തനിക്ക് ഉണ്ടായിരുന്നുള്ളുവെന്നുമാണ് അറസ്റ്റിലായ ക്രോണിൻ അവകാശപ്പെടുന്നു.

ഈ മാസം അഞ്ചിനാണ് പാലാരിവട്ടത്തെ സ്ഥാപനത്തിൽ സിഎ വിദ്യാർഥിനിയായ മിഷേലിനെ കാണാതാവുന്നത്. കച്ചേരിപ്പടിയിലുള്ള ഹോസ്റ്റലിൽനിന്നു കലൂർ പള്ളിയിലേക്കെന്നുപറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയും, പിറ്റേദിവസം വൈകുന്നേരം കായലിൽനിന്നു മൃതദേഹം ലഭിക്കുകയായിരുന്നു.

Related posts