കൊച്ചി: സിഎ വിദ്യാർഥിനിയായ മിഷേൽ ഷാജിയെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൊബൈൽ ഫോണിനും ബാഗിനുമായി കൊച്ചി കായലിൽ നടത്തിയ തെരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല. മിഷേൽ കായലിലേക്കു ചാടിയെന്നു സംശയിക്കുന്ന ഗോശ്രീ രണ്ടാം പാലത്തിനു താഴെയാണ് ക്രൈംബ്രാഞ്ച് എസ്പി കെ.വി. മധുവിന്റെ നേതൃത്വത്തിൽ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ തെരച്ചിൽ നടത്തിയത്.
ഇന്നലെ രാവിലെ ഒന്പതരയോടെ തോപ്പുംപടി മുണ്ടംവേലിയിലുള്ള ഇന്റർഡൈവ് അഡ്വഞ്ചർ സ്പോർട്സ് സെന്റർ എന്ന സ്വകാര്യ ഡൈവിംഗ് സ്ഥാപനത്തിൽനിന്നുള്ള നീന്തൽ വിദഗ്ധരാണ് തെരച്ചിൽ നടത്തിയത്. സ്ഥാപനത്തിന്റെ ഉടമയും പരിശീലകനുമായ വിൽഫ്രഡ് സി. മാനുവലിന്റെ നേതൃത്വത്തിലുള്ള ഏഴുപേരാണ് സംഘത്തിലുണ്ടായിരുന്നത്. വൈകുന്നേരമാണ് തെരച്ചിൽ അവസാനിപ്പിച്ചത്. റിപ്പോർട്ട് ഇന്നലെ തന്നെ ക്രൈംബ്രാഞ്ചിന് കൈമാറി.
കായലിനടിയിൽ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ പരിശോധനയ്ക്കായി ഇന്നു ക്രൈംബ്രാഞ്ചിനു കൈമാറും. ഈ ഭാഗത്ത് മിഷേലിനെ കണ്ടതായി സാക്ഷിമൊഴി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെ നിന്നു ബാഗും ഫോണും കിട്ടുമെന്ന പ്രതീക്ഷയിലാണ് തെരച്ചിൽ നടത്തിയതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
മിഷേലിന്റെ മരണം ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. എന്നാൽ, ഇതിനു കാരണം ക്രോണിനിൽനിന്നുള്ള മാനസിക സമ്മർദം മാത്രമാണെന്നു ക്രൈംബ്രാഞ്ച് കരുതുന്നില്ല.
മിഷേൽ ഭയന്ന എന്തോ ഒന്ന് അന്നു നടന്നിരുന്നു എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതിനുള്ള ഉത്തരം കിട്ടണമെങ്കിൽ മിഷേലിന്റെ മൊബൈൽ ഫോണ് ലഭിക്കണം. ഇതിൽ എന്തെങ്കിലും ചിത്രങ്ങളോ, ഭീഷണിപ്പെടുത്തുന്ന തരത്തിൽ എന്തെങ്കിലും സന്ദേശങ്ങളോ ഉണ്ടോ എന്നു പരിശോധിക്കുകയാണ് ലക്ഷ്യം. എന്നാൽ ഇത്രയും നാൾ ഉപ്പുവെള്ളത്തിൽ കിടന്ന ഫോണിൽ നിന്നു വിവരങ്ങൾ ശേഖരിക്കുക ശ്രമകരമാണെന്നും വിദഗ്ധർ പറയുന്നു.