പോപ് ഇതിഹാസം മൈക്കിൾ ജാക്സണിന്റെ വളർത്തുമൃഗമായിരുന്ന അലി എന്ന ആന മൃഗശാലയിൽനിന്ന് ചാടിപ്പോയി. ഫ്ളോറിഡയിലെ ജാക്സണ്‍വിൽ മൃഗശാലയിലായിരുന്നു സംഭവം. ആനയെ പാർപ്പിച്ചിരുന്ന സ്ഥലത്തെ ഗേറ്റ് അബദ്ധത്തിൽ ആരോ തുറന്നിടുകയായിരുന്നു. ഈ ഗേറ്റിലൂടെ പുറത്തിറങ്ങിയ ആന സമീപത്തുള്ള മൃഗങ്ങളെയെല്ലാം നടന്നു കണ്ടു.
ആന ചാടിപ്പോയെന്ന് മനസിലാക്കിയ മൃഗശാല അധികൃതർ ഉടൻതന്നെ ഭക്ഷണം കാട്ടി മയക്കി അലിയെ അതിന്റെ താമസസ്ഥലത്ത് തിരിച്ചെത്തിച്ചു. മൈക്കിൾ ജാക്സണ് ജീവിച്ചിരുന്ന സമയത്ത് അദ്ദേഹത്തിന്റെ വസതിയോട് ചേർന്ന് ഒരു സ്വകാര്യ മൃഗശാല സ്ഥാപിച്ചിരുന്നു.
കടുവയും ചിന്പാൻസിയും അടക്കം നിരവധി മൃഗങ്ങൾ അവിടെയുണ്ടായിരുന്നു. 2009ൽ മൈക്കിൾ ജാക്സണ് മരിക്കുന്നതിനുമുന്പുതന്നെ ഇവയെ പൊതുമൃഗശാലകൾക്ക് കൈമാറിയിരുന്നു. ഇത്തരത്തിൽ ജാക്സണ്‍വിൽ മൃഗശാലയിൽ എത്തിയ ആനയാണ് അലി.
മൈക്കിൾ ജാക്സണിന്റെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളിൽ ഒന്നായിരുന്നു ഈ ആന. മര്യാദക്കാരനായ അലി പുറത്തുചാടിയെങ്കിലും കുസൃതി ഒന്നും ഒപ്പിച്ചില്ലെന്ന് അലിയുടെ ട്രെയിനർ പറഞ്ഞു.