കൊച്ചി: ദുരൂഹ സാഹചര്യത്തിൽ കൊച്ചി കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയ പിറവം സ്വദേശിനിയായ സിഎ വിദ്യാർഥിനി മിഷേലിന്റെ മരണം ആത്മഹത്യയാണെന്നു വ്യക്തമാക്കി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. കഴിഞ്ഞ മാർച്ച് അഞ്ചിനാണ് മിഷേലിനെ കാണാതായത്. തൊട്ടടുത്ത ദിവസം മൃതദേഹം കായലിൽനിന്നു കണ്ടെത്തി.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഡോക്ടറുടെ മൊഴിയിലും ബലപ്രയോഗമോ പീഡനമോ നടന്നിട്ടില്ലെന്നു പറഞ്ഞിട്ടുണ്ട്. മാർച്ച് 14നു ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മിഷേലും കാമുകൻ ക്രോണിനും ഉപയോഗിച്ചിരുന്ന ലാപ് ടോപ്പുകൾ, ഇവർ നേരത്തെ ഉപയോഗിച്ചിരുന്ന സിംകാർഡുകൾ എന്നിവ പിടിച്ചെടുത്തു ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു.
മിഷേലിനെ ക്രോണിൻ മാനസികമായി പീഡിപ്പിച്ചിരുന്നെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത് മിഷേലിനെ ആത്മഹത്യയിലേക്കു നയിച്ചെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽനിന്നു വ്യക്തമാകുന്നത്. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഉടൻ റിപ്പോർട്ട് നൽകുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
മിഷേലിനെ കാണാനില്ലെന്ന പരാതി രജിസ്റ്റർ ചെയ്യാൻ വൈകിയതിന് എറണാകുളം വനിതാ പോലീസ് സ്റ്റേഷൻ, ടൗണ്‍ നോർത്ത് പോലീസ് സ്റ്റേഷൻ, സെൻട്രൽ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ പോലീസുകാർക്കെതിരേ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം സിബിഐയ്ക്കു വിടണമെന്നും ആവശ്യപ്പെട്ട് പിതാവ് ഷാജി വർഗീസ് നൽകിയ ഹർജിയിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോർജ് ചെറിയാനാണു മറുപടി സത്യവാങ്മൂലം നൽകിയത്.