ഏതു ദിവസം വേണമെങ്കിലും നടത്താവുന്ന ഒരു തിരഞ്ഞെടുപ്പാണ് വിവാഹം;പക്ഷേ അതത്രയെളുപ്പം ചെയ്യാവുന്ന ഒന്നല്ല; എങ്ങനെയുള്ള പുരുഷനെ വിവാഹം കഴിക്കണമെന്ന് വ്യക്തമാക്കി മിഷേല്‍ ഒബാമ

മുന്‍ അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ പുലിയാണ്. അഭിഭാഷക, സ്‌റ്റൈല്‍ ഐക്കള്‍, ബെസ്റ്റ് സെല്ലറിന്റെ എഴുത്തുകാരി ഈ വിശേഷണങ്ങള്‍ക്കുമൊക്കെയപ്പുറം നല്ലൊരു മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് മിഷേല്‍. വിവാഹത്തെക്കുറിച്ചും പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വ്യക്തമാക്കിയാണ് മിഷേല്‍ ഇപ്പോള്‍ കയ്യടി നേടിയിരിക്കുന്നത്.എസന്‍സ് ഫെസ്റ്റിവെലില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മിഷേല്‍ ഈ വിലപ്പെട്ട ഉപദേശം ജനങ്ങള്‍ക്കു നല്‍കിയത്.

” ഏതു ദിവസം വേണമെങ്കിലും നടത്താവുന്ന ഒരു തിരഞ്ഞെടുപ്പാണ് വിവാഹം. പക്ഷേ അതത്രയെളുപ്പം ചെയ്യാവുന്ന ഒന്നല്ല. അതില്‍ വിശ്വാസമുണ്ടെങ്കില്‍ മാത്രമേ അങ്ങനെയൊരു തിരഞ്ഞെടുപ്പ് നടത്താവൂ. നിങ്ങള്‍ മറ്റൊരാളെ വിശ്വസിക്കാന്‍ തയാറാണെങ്കില്‍ മാത്രം. അതുകൊണ്ടു തന്നെയാണ് നിങ്ങള്‍ക്ക് ബഹുമാനം തോന്നുന്ന ഒരാളെ വിവാഹം ചെയ്യുക എന്നതിന് പ്രാധാന്യമേറുന്നതും. നിങ്ങളോട് തുല്യതയില്‍ നില്‍ക്കുന്ന ഒരാളെ വിവാഹം ചെയ്യണം. നിങ്ങള്‍ അവരുടെ വിജയത്തിനായി ആഗ്രഹിക്കുമ്പോള്‍, അതിലുമേറെ നിങ്ങളുടെ വിജയത്തിനായി ആഗ്രഹിക്കുന്ന ഒരാളെ വേണം നിങ്ങള്‍ വിവാഹം ചെയ്യാന്‍”.

കായിക മല്‍സരവുമായി ബന്ധപ്പെടുത്തി തന്റെ മനസ്സിലുള്ള ആശയം മിഷേല്‍ പങ്കുവച്ചതിങ്ങനെ…” എന്റെ ഭര്‍ത്താവാണ് എന്റെ ടീംമേറ്റ് എങ്കില്‍ ഞങ്ങള്‍ ഒരുമിച്ച് മല്‍സരം ജയിക്കും. അദ്ദേഹം കരുത്തനാണെങ്കില്‍ ഞാന്‍ കരുത്തയായി അദ്ദേഹത്തിനൊപ്പമുള്ളതില്‍ അദ്ദേഹം ഒക്കെയാണെങ്കില്‍ വിജയം ഞങ്ങള്‍ക്കൊപ്പമായിരിക്കും. ദുര്‍ബലരായ ആളുകളെ എനിക്കെന്റെ ടീമില്‍ വേണ്ട. പക്ഷേ, ചില സമയത്ത് പരസ്പരമുള്ള ദൗര്‍ബല്യങ്ങളെ സ്വീകരിക്കേണ്ടതായും വരും. അതു ചിലപ്പോള്‍ എളുപ്പമായും തോന്നാം”.

പരസ്പരം നല്‍കുന്ന പിന്തുണയും പ്രോത്സാഹനവും കൊണ്ട് വാര്‍ത്തകളില്‍ നിറയാറുണ്ട് ഒബാമ ദമ്പതികള്‍. നീണ്ട 26 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന്റെ അനുഭവ പരിചയമുള്ള മിഷേലിന്റെ വാക്കുകളെ തുറന്ന ഹൃദയത്തോടെ കേട്ടിരുന്ന ശ്രോതാക്കളുടെ ആവേശവും. അവരെ അമ്പരപ്പിച്ച മിഷേലിന്റെ പ്രസംഗവും സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Related posts