യുഎസ്: അമേരിക്കൻ വ്യവസായിയും കോടീശ്വരനുമായ ജെയിംസ് മൈക്കൽ ക്ലിൻ (64) ഹോട്ടലിന്റെ ഇരുപതാം നിലയിൽനിന്നു ചാടി ജീവനൊടുക്കി. മുറിയിൽ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചാണു ജെയിംസ് താഴേക്ക് ചാടിയതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാവിലെ മാൻഹറ്റനിലെ കിംബർലി ഹോട്ടലിലായിരുന്നു സംഭവം.
ആത്മഹത്യക്കുള്ള കാരണം പുറത്തുവന്നിട്ടില്ല. 2000ൽ ഫാൻഡാംഗോ സിനിമാ ടിക്കറ്റിംഗ് ബിസിനസ് ആരംഭിച്ചതു ജെയിംസാണ്. 2011ൽ ഫാൻഡാംഗോ കമ്പനിയെ എൻബിസി യൂണിവേഴ്സലും വാർണർ ബ്രദേഴ്സും ഏറ്റെടുത്തു.
പിന്നീട് തന്റെ ആക്രിറ്റീവ് കമ്പനിയിലൂടെ അക്യുമെൻ, ഇൻഷുറോൻ, അക്കോലേഡ് എന്നിവ ജെയിംസ് സ്ഥാപിച്ചു. ഫാൻഡാംഗോയിലും നിക്ഷേപം നടത്തി. സ്ഥാപനങ്ങൾ തുടങ്ങാൻ സഹായിക്കുന്ന ഇൻകുബേറ്ററിന്റെ എക്സിക്യൂട്ടീവ് ചെയർമാനായ ജെയിംസിന് വേറെയും ബിസിനസുകളുണ്ട്.
പമേല ബി. ക്ലൈനാണ് ഭാര്യ. ഇവർക്ക് ആറു മക്കളുണ്ട്. 20 ദശലക്ഷം ഡോളറിലധികം ചെലവഴിച്ച് 2020ൽ ജയിംസ് നിർമിച്ച പാം ബീച്ച് വീട് വാർത്തയായിരുന്നു.